മിന്നൽ ഫൈസലിന്‍റെ മരണം കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തു
text_fieldsമിന്നൽ ഫൈസൽ വധക്കേസിലെ അന്വേഷണസംഘം
ആറ്റിങ്ങൽ: നിരവധി കേസുകളിലെ പ്രതി മുട്ടപ്പലം പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസലിന്‍റെ (45) മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കല്ലമ്പലം നാവായിക്കുളം സബീന മൻസിലിൽ അൻസിൽ (26) പിടിയിലായി. ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകം ആണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.
11 ദിവസം പഴക്കം ചെന്നനിലയിലാണണ് മൃതദേഹം കണ്ടത്. കൊലപാതകം നടന്നത് ജൂൺ 20 നായിരുന്നു. മൃതദേഹം കണ്ടെത്തിയത് ജൂലൈ ഒന്നിനും. മൃതദേഹ പരിശോധനയിൽ തലക്കേറ്റ വെട്ടാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കല്ലമ്പലം സ്റ്റേഷനിൽ വധശ്രമ കേസിലും ചിറയിൻകീഴ് സ്റ്റേഷനിൽ മോഷണ കേസിലും ചെന്നൈയിൽ എൻ.ഡി.പി.എസ് കേസിലും പ്രതിയാണ് അൻസിൽ. അഞ്ച് പൊലീസ് സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, ലഹരി വിൽപന തുടങ്ങി 26 കേസുകളിലെ പ്രതിയാണ് ഫൈസൽ. കാപ്പയും ചുമത്തിയിട്ടുണ്ട്. മരണത്തിൽ മറ്റാരും സംശയമുന്നയിച്ച് പരാതികൾ നൽകിയിരുന്നില്ല.
മോഷണ മുതൽ പങ്കിടുന്നതിലെ തർക്കം കൊലപാതകത്തിലെത്തി
ആറ്റിങ്ങൽ: ലഹരി കച്ചവടവുമായി ബന്ധപ്പെട്ടാണ് അൻസിൽ ഫൈസലുമായി സൗഹൃദത്തിലായത്. മറ്റൊരു കേസിൽ പ്രതിയായതിനെ തുടർന്ന് അൻസൽ കടപ്പുറത്ത് വള്ളപ്പുരയിൽ താമസിച്ചിരുന്നു. അവിടെ പ്രശ്നമുണ്ടായപ്പോൾ നാട്ടുകാർ ഓടിച്ചു. ഈ സമയത്താണ് ലഹരി കച്ചവടമായി ബന്ധപ്പെട്ട് സൗഹൃദം ഉണ്ടായിരുന്ന ഫൈസലിനെ സമീപിച്ച് കൂടെ താമസിക്കുവാൻ ആരംഭിച്ചത്. ഇരുവരും മോഷണകേസുകളിലും പങ്കാളിയായി.
മോഷണ മുതൽ പങ്കിടുന്നതിനെ ചൊല്ലി മദ്യ ലഹരിയിൽ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിന് കാരണം.മോക്ഷണ മുതൽ തുല്യമായി വീതിക്കുവാൻ ഫൈസൽ തയാറായില്ലെന്നും തർക്കം അടിപിടിയിൽ കലാശിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഫൈസലിനെ അൻസൽ വെട്ടിവീഴ്ത്തി. തലക്കേറ്റ വെട്ടാണ് മരണകാരണം.
പ്രതിയെ കണ്ടെത്തിയത് സങ്കീർണമായ അന്വേഷണത്തിനൊടുവിൽ
ആറ്റിങ്ങൽ: ഗുണ്ടയും കാപ്പ കേസിലെ പ്രതിയുമായ മിന്നൽ ഫൈസൽ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകം തിരിച്ചറിഞ്ഞതും പ്രതിയെ കണ്ടെത്തിയതും സങ്കീർണമായ അന്വേഷണത്തിനോടുവിൽ. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ രണ്ട് മുറികളുള്ള ചെറിയ കെട്ടിടത്തിനുള്ളിലായിരുന്നു ഈ മാസം ഒന്നിന് മൃതദേഹം കണ്ടെത്തിയത്. മിന്നൽ ഫൈസലിന്റെ അടുത്ത ബന്ധു നാസറിന്റെതാണ് വീട്. സമീപ വസ്തുവിൽ മരച്ചീനി വിളവെടുപ്പിനെത്തിയ തൊഴിലാളികളാണ് വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോൾ ദിവസങ്ങൾ പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. മൃതശരീരത്തിന്‍റെ മുഖം കരിഞ്ഞതുപോലെ കറുത്ത നിലയിലായിരുന്നു. ഇത് പ്രാഥമികമായി ദുരൂഹത സംശയിക്കുന്നതിന് കാരണമായി. പൊലീസ് ശാസ്ത്രീയ തെളിവെടുപ്പുകൾ നടത്തിയിരുന്നു. ഒരു മൊബൈൽ ഫോൺ സമീപത്ത്നിന്ന് കണ്ടെത്തിയിരുന്നു.
മൃതദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന കറുപ്പുനിറം തീയിട്ട് കത്തിച്ചത് മൂലമല്ലെന്നും 10 ദിവസത്തെ പഴക്കം കൊണ്ട് സ്വാഭാവികമായി ഉണ്ടായതാണെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. മരണകാരണം തലക്കേറ്റ വെട്ടാണെന്നും സ്ഥിരീകരിച്ചു. ഇതോടെ പിന്നിൽ ആരാണെന്ന് കണ്ടെത്തുവാനുള്ള ശ്രമമായി. പ്രതിയിലേക്കുള്ള യാതൊരു തെളിവും ഇവിടെ അവശേഷിച്ചിരുന്നില്ല.
മറ്റൊരു ചെറുപ്പക്കാരൻ കൂടെ ഉണ്ടായിരുന്നുവെന്ന് ഭക്ഷണം കൊണ്ടുനൽകിയ ഓട്ടോ ഡ്രൈവറിൽനിന്ന് ലഭിച്ച വിവരത്തിൽ നിന്നാണ് പ്രതിയിലേക്ക് അന്വേഷണം ആരംഭിക്കുന്നത്. നാട്ടിലെ ലഭ്യമായ എല്ലാ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് തെളിവെടുത്തത്. പ്രതിയുടെ രൂപം കിട്ടിയിട്ടും ആളിനെ കണ്ടെത്താൻ പ്രയാസപ്പെട്ടു. അൻസിൽ ഫോൺ ഉപയോഗിക്കാത്തത് പൊലീസിനെ ബുദ്ധിമുട്ടിച്ചു. ആറ്റിങ്ങൽ നഗരത്തിലെ സി.സി ടി.വിയിൽ ബാറിലേക്ക് പ്രതിയും മറ്റൊരു യുവാവും പോകുന്നത് കണ്ടു. ആ യുവാവിനെ കണ്ടെത്തി അന്വേഷിച്ചപ്പോൾ ബോട്ടിൽ മത്സ്യബന്ധത്തിന് പോയപ്പോഴുള്ള പരിചയം ആണെന്നും കൂടുതൽ വ്യക്തിവിവരം അറിയില്ലെന്നും പറഞ്ഞു. ബോട്ട് ഉടമയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ ചിത്രവുമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലെത്തി അന്വേഷിച്ചാണ് കണ്ടെത്തിയത്.


