പ്രതികളിൽ ഭൂരിഭാഗവും പുറത്തിറങ്ങി; ശബരിമല സ്വർണക്കൊള്ള അന്വേഷണം നിലക്കുന്നു?
text_fieldsശബരിമല
തിരുവനന്തപുരം: എസ്.ഐ.ടി സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഏറെക്കുറെ പ്രതികളും ജയിൽ മോചിതരായി. മൂന്ന് പുതിയ പ്രതികൾകൂടിയുണ്ടാകുമെന്ന് ഹൈകോടതി മുമ്പാകെ എസ്.ഐ.ടി വ്യക്തമാക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിനുള്ള ഒരു നടപടിയുമുണ്ടായതുമില്ല. ഇതോടെ ശബരിമല സ്വർണക്കൊള്ള അന്വേഷണം ഏറെക്കുറെ നിലച്ചെന്നാണ് സംശയം.
കേസിൽ മുഖ്യപ്രതിയാക്കി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവർക്ക് കോടതി ജാമ്യം അനുവദിച്ചതോടെ രാഷ്ട്രീയ ആരോപണങ്ങൾക്കും എസ്.ഐ.ടി വിധേയമായി. ഞെട്ടിപ്പിക്കുമെന്ന നിലയിൽ അന്വേഷണം ആരംഭിച്ച എസ്.ഐ.ടിക്ക് കേസിൽ വലിയ തുമ്പൊന്നുമുണ്ടാക്കാനാകാതെ അന്വേഷണം അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്ന പ്രതീതിയാണ് പൊതുവിലുള്ളത്. എസ്.ഐ.ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി ഉൾപ്പെടെ സംഘ്പരിവാർ സംഘടനകൾ. ഇതിനൊപ്പം, കോൺഗ്രസ് ദേശീയ നേതൃത്വത്തെയും സ്വർണക്കൊള്ളയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ പ്രക്ഷോഭത്തിനും ബി.ജെ.പി തയാറാകുന്നെന്നാണ് വിവരം.
എസ്.ഐ.ടി അന്വേഷണം യഥാർഥ പ്രതികളെ രക്ഷിക്കാനാണെന്ന പ്രതീതി വളർത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷ സംഘടനകൾ. എസ്.ഐ.ടിയെ സംസ്ഥാന സർക്കാർ രാഷ്ട്രീയ ആയുധമാക്കിയെന്ന പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ. പ്രചാരണം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനുള്ള നീക്കവും നടക്കുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാകാത്തത് എസ്.ഐ.ടിയുടെ ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. കേസിൽ വ്യക്തത വരുത്താനാകാത്തതാണ് എസ്.ഐ.ടിക്ക് കുറ്റപത്രം സമർപ്പിക്കാൻ പ്രധാന തടസ്സം. ജംഷഡ്പൂരിലെ പരിശോധന ഫലത്തിലാണ് ഇനി ഏകപ്രതീക്ഷ. മാർച്ച് 31നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് എസ്.ഐ.ടി ഒടുവിൽ ഹൈകോടതിയെ അറിയിച്ചത്. എന്നാൽ, തന്ത്രിക്ക് ജാമ്യം അനുവദിച്ചപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചത് എസ്.ഐ.ടിക്ക് തിരിച്ചടിയാണ്. തിരുവാഭരണ മുൻ കമീഷണർ കെ.എസ്. ബൈജു കൂടി സ്വാഭാവിക ജാമ്യം നേടി പുറത്തെത്തിയത് എസ്.ഐ.ടിക്ക് മറ്റൊരു തിരിച്ചടിയായി.
ഇതുവരെ ഏഴ് പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്. ഇതിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയടക്കം അഞ്ചുപേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. മറ്റുപ്രതികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ് എന്നിവർ ദിവസങ്ങൾക്കകം ജാമ്യം നേടി പുറത്തിറങ്ങുമെന്ന നിലയിലാണ് കാര്യങ്ങൾ. സി.പി.എം നേതാവായ പത്മകുമാർകൂടി പുറത്തിറങ്ങിയാൽ രാഷ്ട്രീയ ഇടപെടൽ ആരോപണം പ്രതിപക്ഷം കൂടുതൽ ശക്തമാക്കും.


