ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിന് ആശ്വാസമായി മൾട്ടി ലെവൽ പാർക്കിങ്ങുകൾ
text_fieldsപവർഹൗസ് റോഡിന് സമീപം തിരുവനന്തപുരം കോർപറേഷൻ നിർമിക്കുന്ന മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം
തിരുവനന്തപുരം: നഗരവും റോഡും വികസിക്കുന്നതനുസരിച്ച് പാർക്കിങ് സൗകര്യങ്ങളും വിപുലപ്പെടുത്തേണ്ടതുണ്ട്. നിലവിൽ കോർപറേഷൻ ഓഫിസ് കോമ്പൗണ്ടിലും പാളയം മാർക്കറ്റിനു സമീപത്തും മാത്രമാണ് മൾട്ടി ലെവൽ പാർക്കിങ് സെന്ററുകളുള്ളത്. കൂടുതൽ സ്ഥലങ്ങളിലേക്ക് മൾട്ടിലെവൽ പാർക്കിംഗ് സെന്ററുകൾ വ്യാപിപ്പിക്കണമെന്നാണ് കോർപറേഷന്റെ തീരുമാനം.
പ്രതിദിനം ആയിരക്കണക്കിനുപേർ വരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ജങ്ഷനു സമീപമുള്ള മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ (എം.എൽ.സി.പി) പ്രവർത്തനങ്ങൾ പൂർത്തിയായി. ഉടൻ ഉദ്ഘാടനം ചെയ്യുമെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. 19 കോടി ചെലവിൽ ഒരുങ്ങുന്ന ഈ എം.എൽ.സി.പിയിൽ ആകെ 210 കാറുകൾ ഉൾക്കൊള്ളും. മെഡിക്കൽ കോളജിൽ സ്ഥലം കിട്ടിയാൽ സമാനമായ പാർക്കിങ് സെന്റർ നിർമിക്കാൻ തയാറാണെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.
ചാല മാർക്കറ്റിലെ തിരക്ക്
പുത്തരിക്കണ്ടം മൈതാനത്തിന് പിന്നിൽ ഒരുങ്ങുന്ന എം.എൽ.സി.പിയുടെ പകുതിക്കിപ്പണി പൂർത്തിയായി. ജൂലൈ ആദ്യവാരത്തോടെ പണി പൂർത്തിയാക്കുമെന്നാണ് ബന്ധപ്പെട്ട കമ്പനി അറിയിച്ചിരിക്കുന്നത്. ഇവിടെ 200 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. ചാലയിലും മൾട്ടി പാർക്കിങ് സെന്റർ വരും ഗതാഗത പ്രശ്നം രൂക്ഷമായ ചാല മാർക്കറ്റിലും മൾട്ടി പാർക്കിങ് സെന്റർ വരും.
നിലവിൽ ഇരുവശത്തും വാഹനങ്ങൾ അലങ്കോലമായി പാർക്ക് ചെയ്യുന്നതിനാൽ മാർക്കറ്റിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന റോഡിലൂടെ കാൽനട ഏറെ ദുഷ്കരവും അപകടം നിറഞ്ഞതുമാണ്. മൾട്ടി ലെവൽ പാർക്കിങ് പൂർത്തിയാകുന്നതോടെ ഇതിന് വലിയൊരു പരിഹാരമാകും.
വാണിജ്യ ഇടവും ലോറി പാർക്കിങ്ങും കാർ, ഇരുചക്ര വാഹന പാർക്കിംഗും എല്ലാം ചേർന്നതാണ് ചാലയിൽ വണ്ടിത്താവളത്തിന് സമീപം ഉയരുന്ന പാർക്കിങ് സെന്റർ. ഇതിന്റെ ടെസ്റ്റ് പൈലിങ് ആരംഭിച്ചിട്ടുണ്ട്. പാളയത്തും തമ്പാനൂരിലും എം.എൽ.സി.പി.എസ് തുറന്നിട്ടും വഴിയരികിലെ പാർക്കിങ് ഗണ്യമായി കുറഞ്ഞിട്ടില്ല. ഇത് നഗരത്തിനുള്ളിൽ പാർക്കിങ് തുടരുന്നത് ഒഴിവാക്കാൻ കൂടുതൽ എം.എൽ.സി.പികൾ വരേണ്ടതുണ്ടെന്ന അഭിപ്രായത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.