മുതലപ്പൊഴിയിൽ മത്സ്യ ബന്ധനത്തിന് ബദൽ മാർഗം ഒരുങ്ങിയിട്ടും യാനങ്ങൾക്ക് കടലിലിറങ്ങാൻ കഴിയുന്നില്ല
text_fieldsകടലിലിറക്കാൻ കഴിയാതെ അഞ്ചുതെങ്ങ് കായൽ തീരത്ത് കെട്ടിയിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ
ചിറയിൻകീഴ്: മുതലപ്പൊഴിയിലെ മത്സ്യബന്ധനത്തിന് താൽക്കാലിക ബദൽ ഒരുങ്ങി. താൽക്കാലികമായി ബോട്ടുകൾക്ക് മറ്റ് ഹാർബറുകളെ ഉപയോഗിക്കാനാണ് അനുമതി. കൊല്ലം ജില്ല കലക്ടർ മത്സ്യത്തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. എന്നാൽ, പൊഴിയടഞ്ഞ് കായലിൽ കുടുങ്ങിയ യാനങ്ങൾ കടലിലിറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ.
മുതലപ്പൊഴി മണൽ മൂടി തുടങ്ങിയതിനെ തുടർന്ന് ഈമാസം ആദ്യം ഹാർബർ ചീഫ് എൻജിനീയർ, വി. ശശി എം.എൽ.എക്ക് ഒപ്പം പൊഴി സന്ദർശിച്ചിരുന്നു. മണ്‍സൂര്‍ കാലത്ത് അഴിമുഖത്തെ അപകടം ഒഴുവാക്കാനും മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുവാനും താല്‍ക്കാലിക തൊഴിലിടം വേണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചു. നേരിട്ട് മത്സ്യത്തൊഴിലാളികൾ ഇതര ഹാർബറുകളെ ആശ്രയിക്കുമ്പോൾ അവിടത്തെ മത്സ്യത്തൊഴിലാളികൾ എതിർപ്പ് ഉന്നയിക്കാറുണ്ട്. ഇത് സംഘർഷത്തിലേക്ക് പോകാനും സാധ്യതയുണ്ട്. അതിനാലാണ് മത്സ്യബന്ധനത്തിന് മുൻകൂട്ടി അനുമതിക്ക് തൊഴിലാളികൾ ശ്രമിച്ചത്. ഈ വിഷയം സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് വി.ശശി എം.എല്‍.എ പറഞ്ഞിരുന്നു.
മന്ത്രിമാരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിലും വിഷയം ഉന്നയിക്കപ്പെട്ടു. ഇതിൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി തീരുമാനമെടുക്കാൻ കൊല്ലം കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് കൊല്ലം കലക്ടർ മത്സ്യത്തൊഴിലാളി ചർച്ച നടത്തുകയും താൽക്കാലികമായി മുതലപ്പൊഴിയിലെ ബോട്ടുകൾക്ക് മറ്റ് ഹാർബറുകളെ ഉപയോഗിക്കാനുള്ള അവസരം ഒരുക്കിയതും. മുതലപ്പൊഴിയിലുള്ള പകുതിയോളം മത്സ്യബന്ധന ബോട്ടുകൾ കടലിലുണ്ട്. നൂറിലേറെ ചെറുതും വലുതുമായ മത്സ്യബന്ധന യാനങ്ങൾ മുതലപ്പൊഴിക്ക് സമീപം കായൽ പരപ്പുകളിൽ വിശ്രമിക്കുകയാണ്. പൊഴി പൂർണമായും അടഞ്ഞതിനാൽ ഇവയെ കടലിലെത്തിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ നിലവിൽ മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി എടുത്തിട്ടുള്ള തീരുമാനവും ഭൂരിഭാഗം മത്സ്യബന്ധന തൊഴിലാളികൾക്കും ഗുണകരമാകുന്നില്ല. മുതലപ്പൊഴിയിൽനിന്ന് മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ബോട്ട് ഉടമകളെല്ലാം പ്രതിസന്ധിയിലാണ്. ബാങ്ക് വായ്പയോ സ്വകാര്യ പലിശക്കാരിൽനിന്ന് കടമെടുത്തോ ഒക്കെയാണ് ഭൂരിഭാഗം ഉടമകളും ബോട്ടുകൾ നീറ്റിലിറക്കിയിരിക്കുന്നത്. ഒന്നര മാസത്തിലേറെക്കാലമായി മത്സ്യബന്ധനം നിലച്ചതോടെ ഇവരെല്ലാം പ്രതിസന്ധിയിലാണ്.