മുതലപ്പൊഴി മണൽ മൂടൽ: താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു, പ്രതിഷേധം ശക്തം
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മണൽ മൂടിയതിൽ പ്രതിഷേധം ശക്തം. തീരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറുന്നു. മുതലപ്പൊഴി അവകാശ സംരക്ഷണ സമര സമിതി യോഗം തിങ്കളാഴ്ച നടക്കും. ഇതിൽ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ടുള്ള തുടർ സമരങ്ങൾക്ക് തീരുമാനമാകും.
മുതലപ്പൊഴിയിൽ ഉപജീവനം കണ്ടെത്തുന്ന തൊഴിലാളികൾ, നിക്ഷേപകർ, പ്രദേശവാസികൾ, വിവിധ സംഘടനകൾ എന്നിവർ ശക്തമായ സമരത്തിന് രംഗത്തെത്തിയിട്ടുണ്ട്. മത്സ്യ ബന്ധനം മുടങ്ങിയതിൽ ജനങ്ങൾക്ക് ഇടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊഴിമൂടപ്പെട്ടതിനാൽ വാമനപുരം നദിയിലൂടെ ഒഴുകി വരുന്ന വെള്ളം കടലിൽ ചേരില്ല. വേനൽ മഴ ശക്തമായതോടെ ഇത് തീരദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്.
അഴിമുഖത്ത് രണ്ട് ലക്ഷം ക്യൂബിക് മീറ്ററിലധികം മണൽ അടിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. മണൽ നീക്കം വേഗത്തിലാക്കി തൊഴിലാളികൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് മത്സ്യത്തൊഴിലാളികളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു. വരികയാണ്.
നിലവിൽ ഡ്രഡ്ജിങ് നടക്കുന്നുണ്ടെങ്കിലും പൊഴിയിൽ അടിഞ്ഞിട്ടുള്ള മണൽ പൂർണമായും നീക്കുന്നതിന് പര്യാപ്തമല്ല. മണൽ നീക്കത്തിനെത്തിച്ച ഡ്രെഡ്ഞ്ചറിന് അഴിമുഖത്ത് നിലവിൽ അടിഞ്ഞിട്ടുള്ള രണ്ട് ലക്ഷത്തിലധികം ക്യുബിക് മീറ്റർ മണൽ നീക്കം ചെയ്യാനുള്ള ശേഷിയില്ലെന്ന് തൊഴിലാളികൾ നേരത്തെ ചൂണ്ടി കാണിച്ചിരുന്നു. മണൽ നീക്കത്തിനായി മരിടൈം ബോർഡിന്റെ ഡ്രഡ്ഞ്ചർ എത്തിക്കാം എന്ന് ഉദ്യോഗസ്ഥർ നേരത്തേ ഉറപ്പ് നൽകിയിരുന്നു. ഇത്തരത്തിലുള്ള നടപടി ഉണ്ടെങ്കിൽ മാത്രമേ മാസങ്ങൾ കൊണ്ടെങ്കിലും ഹാർബർ വീണ്ടെടുക്കാൻ സാധിക്കൂ. പൊഴി തുറന്നില്ലെങ്കിൽ വലിയ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്. ഹാർബർ വന്നതോടെ വെള്ള പൊക്ക സാധ്യത കുറയുകയും താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ ജനങ്ങൾ വ്യാപകമായ വീടുകൾ നിർമിച്ച് താമസമാവുകയും ചെയ്തിരുന്നു. ഇവരെല്ലാം ഭീതിയിലാണ്. വേനൽ മഴ തുടരുന്നത് ആശങ്ക വർധിപിക്കുന്നുണ്ട്. അഴൂർ പഞ്ചായത്ത് തീര മേഖലകളിൽ ജല നിരപ്പ് ഉയർന്ന് തുടങ്ങിയിട്ടുണ്ട്.