ഇരണിയൽ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ കട്ടകൾ; അട്ടിമറി ശ്രമം
text_fieldsഇരണിയൽ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ അടുക്കി വെച്ചിരുന്ന കോൺക്രീറ്റ് കട്ടകൾ
നാഗർകോവിൽ: കന്യാകുമാരി-തിരുവനന്തപുരം റെയിൽ പാതയിൽ ഇരണിയൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ട്രാക്കിൽ കോൺക്രീറ്റ് കട്ടകൾ നിരത്തിവെച്ച് അട്ടിമറിക്ക് ശ്രമം.ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ കാരണം വൻ അപകടം ഒഴിവായി. വ്യാഴാഴ്ച പുലർച്ച നാഗർകോവിലിൽനിന്ന് പുറപ്പെട്ട് 4.55ന് ഇരണിയലിൽ എത്തിയ പരശുറാം എക്സ്പ്രസ് യാത്രക്കാരെ കയറ്റിയശേഷം അഞ്ചോടെ സ്റ്റേഷൻ വിട്ടപ്പോഴാണ് പ്ലാറ്റ് ഫോം തീരുന്ന സ്ഥലത്ത് ട്രാക്കിൽ നാല് കോൺക്രീറ്റ് കട്ടകൾ നിരത്തി വെച്ചിരിക്കുന്നത് ലോക്കോ പൈലറ്റ് ശ്രദ്ധിച്ചത്.
ഉടൻ ട്രെയിൻ നിർത്തി വിവരം കോട്ടാർ റെയിൽവേ പൊലീസിനെ അറിയിച്ചു. കട്ടകൾ നീക്കംചെയ്തശേഷം ട്രെയിൻ യാത്രതുടർന്നു. പുലർച്ച 1.45ന് തിരുനെൽവേലിയിൽനിന്നുള്ള ബിലാസ്പൂർ എക്സ്പ്രസ് ഇരണിയൽ വഴി കടന്നുപോയിരുന്നു. അതിനുശേഷമായിക്കാം സാമൂഹികവിരുദ്ധർ കട്ടകൾ വെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സി.സി ടി.വി കാമറ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.