പ്രചാരണ ചൂടിൽ നെടുമങ്ങാട് നിറഞ്ഞ്
text_fieldsനെടുമങ്ങാട്: മീനമാസത്തിെല കത്തുന്ന ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ആവേശവും കത്തിക്കയറുന്നെങ്കിലും നെടുമങ്ങാടിെൻറ ജനമനസ്സറിയാതെ മുന്നണികൾ വിയർക്കുന്നു.
മണ്ഡലത്തിെൻറ അതിരുകൾ മാറ്റിവരച്ചശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും തമ്മിൽ പോരാട്ടം നടക്കുേമ്പാൾ ബി.ജെ.പിയും പിന്നാലെയുണ്ട്. 2016 ലെ തെരഞ്ഞെടുപ്പോടെ നെടുമങ്ങാേട്ടക്ക് പാത തുറന്ന ബി.ജെ.പി, ആരുടെ പെട്ടിയിലെ വോട്ടാണ് കൂടുതൽ ചോർത്തുന്നതെന്നതിനെ ആശ്രയിച്ചാകും മണ്ഡലത്തിെൻറ വിധിയെഴുത്ത്.
2011 ൽ യു.ഡി.എഫിലെ പാലോട് രവി 5030 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ബി.ജെ.പിക്ക് നേടാനായത് 5971 വോട്ടുകളാണ്. എന്നാൽ, എൽ.ഡി.എഫിലെ സി. ദിവാകരൻ 3621 വോട്ടുകൾക്ക് പാലോട് രവിയെ പരാജയപ്പെടുത്തിയ 2016 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ വി.വി. രാജേഷ് നേടിയത് 35139 വോട്ടായിരുന്നു. അന്ന് ഇരുമുന്നണികളിൽനിന്നും ബി.ജെ.പി വോട്ടുകൾ അടർത്തിയെടുത്തു. കൂടുതൽ യു.ഡി.എഫ് പാളയത്തിൽ നിന്നായിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആദ്യം കളത്തിലിറങ്ങിയത് ഇടതുമുന്നണിയാണങ്കിലും അൽപം വൈകിയെത്തിയ യു.ഡി.എഫും ബി.ജെ.പിയും കുറഞ്ഞ സമയത്തിനുള്ളിൽ ജനങ്ങളിലേക്ക് ഒാടിയെത്തുകയാണ്. കെ.പി.സി.സി സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് മുൻ ചെയർമാനുമായ പി.എസ്. പ്രശാന്തിനെയാണ് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. കെ.എസ്.യു ജില്ല പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പ്രശാന്ത് നെടുമങ്ങാട് താലൂക്കിലെ വിതുര സ്വദേശിയാണ്.
സി.പി.െഎ ജില്ല സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ.ജി.ആർ. അനിലാണ് എൽ.ഡി.എഫ് സാരഥി. എ.െഎ.എസ്.എഫ്, എ.െഎ.വൈ.എഫ് ജില്ല സെക്രട്ടറി, കോർപറേഷൻ കൗൺസിലർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലും പ്രവർത്തിക്കുന്നു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയാണ്.
എൻ.ഡി.എക്കായി മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന ട്രഷറർ അഡ്വ.ജെ.ആർ. പത്മകുമാർ യുവമോർച്ച ജില്ല പ്രസിഡൻറ്,സംസ്ഥാന വൈസ് പ്രസിഡൻറ്, ബി.ജെ.പി ജില്ല പ്രസിഡൻറ്, സംസ്ഥാന വക്താവ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നെടുമങ്ങാട് നന്നാട്ടുകാവ് സ്വദേശിയാണ്.
സർക്കാറിെൻറ വികസന-ക്ഷേമ പ്രവർത്തനങ്ങളിലൂന്നിയും മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞുമാണ് എൽ.ഡി.എഫ് പ്രചാരണം. എന്നാൽ, പാലോട് രവി മണ്ഡലത്തിൽ ചെയ്തുെവച്ച വികസന പ്രവർത്തനങ്ങൾപോലും പൂർത്തിയാക്കാൻ സി. ദിവാകരന് കഴിഞ്ഞിട്ടില്ലെന്നും പുതിയ പദ്ധതികളൊന്നും ആവിഷ്കരിക്കാതെ വാഗ്ദാനങ്ങൾ മാത്രം നൽകി പോകുകയാണുണ്ടായതെന്നും യു.ഡി.എഫും ആരോപിക്കുന്നു.
ഇരുമുന്നണികളും മണ്ഡലത്തിൽ യാതൊന്നും ചെയ്യാതെ ജനങ്ങളെ കാലാകാലങ്ങളായി വഞ്ചിക്കുകയാണന്നാണ് ബി.ജെ.പിയുടെ പ്രചാരണം. തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽ.ഡി.എഫിന് യു.ഡി.എഫിനെക്കാൾ 21,232 വോട്ടിെൻറ മേൽക്കൈയുണ്ട്. നെടുമങ്ങാട് നഗരസഭയും െവമ്പായം, കരകുളം, മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിൽ വെമ്പായത്തുമാത്രമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 57,745 വോട്ടാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി. ദിവാകരന് ലഭിച്ചത്.
യു.ഡി.എഫിലെ പാലോട് രവിക്ക് 54,124 വോട്ടും ബി.ജെ.പിയിലെ വി.വി. രാജേഷിന് 35,139 വോട്ടും ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ സി. ദിവാകരൻ നേടിയ 57,745 വോട്ടിെൻറ സ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 70,118 വോട്ടും യു.ഡി.എഫിന് 48,882 വോട്ടും ലഭിച്ചു. എന്നാൽ, ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടിൽ നേരിയ വർധനയോടെ 35,396 വോട്ട് നേടി.