നഗരസഭ സ്ഥലം വാങ്ങുന്നതിൽ അഴിമതി ആരോപണം; മന്ത്രിയെ വഴിയിൽ തടയാൻ യൂത്ത് കോൺഗ്രസ് ശ്രമം
text_fieldsനെടുമങ്ങാട്: നഗരസഭ സ്ഥലം വാങ്ങുന്നതിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി ജി.ആർ. അനിലിനെ തടയാൻ ശ്രമിച്ചു. നെടുമങ്ങാട് പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയെ തടയാൻ ശ്രമിച്ചത്.സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവകക്ഷി യോഗം ചേരാൻ എത്തിയപ്പോഴായിരുന്നു സംഭവം.
നെടുമങ്ങാട് നഗരസഭ കല്ലിങ്കലിന് സമീപം മണ്ണയത്ത് 54 സെന്റ് സ്ഥലം വാങ്ങുന്നതിൽ ഒന്നരകോടി രൂപ അഴിമതി ആരോപിച്ചാണ് മന്ത്രിയെ തടയാൻ ശ്രമിച്ചത്. സെന്റിന് റവന്യൂ വകുപ്പ് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന തുകയായ 12.50 ലക്ഷം രൂപയും മറികടന്നു 15 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ച് വസ്തു വാങ്ങുന്നതെന്നും വൻ അഴിമതിയാണെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ നഗരസഭ കൗൺസിലിൽ വസ്തു വാങ്ങുന്നത് സംബന്ധിച്ച വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുകയുണ്ടായി. പ്രതിപക്ഷ കൗൺസിലർമാർ എതിർത്തതോടെ അംഗീകാരം ലഭിച്ചില്ല.
തുടർന്നാണ് നെടുമങ്ങാട് പി.ഡബ്ലു.ഡി റസ്റ്റ്ഹൗസിൽ ഇന്നലെ സർവകക്ഷി യോഗം മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചത്. യോഗം കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ശരത് ശൈലേശ്വരൻ, നിയോജകമണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട്, ഉണ്ണിക്കുട്ടൻ നായർ, ഉണ്ണികൃഷ്ണൻ, ഷാഹിം, ഷാജഹാൻ കൊടിപ്പുറം,മൻസൂർ കാവുമ്മൂല, വിധു കണ്ണൻ, സേതു എന്നിവർ പങ്കെടുത്തു.