അരുവിക്കര ജങ്ഷന് വികസിപ്പിക്കുന്നു; ഭുമിയേറ്റെടുക്കല്‍ ഉള്‍പ്പടെ 17.3 കോടി രൂപയുടെ പദ്ധതി
text_fieldsവികസിപ്പിക്കുന്ന അരുവിക്കര ജങ്ഷൻ
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ അരുവിക്കര ജങ്ഷൻ വികസനവും നവീകരണവും ഉടൻ ആരംഭിക്കും.15 കോടി ചെലവില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. കൂടാതെ 2.3 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും ആര്.ആര് പാക്കേജ് മുഖേനയും അനുവദിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ നിരവധി സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെയുള്ള അരുവിക്കര ജങ്ഷൻ തിരുവനന്തപുരം നഗരത്തോട് ചേർന്നുള്ള ചെറുപട്ടണമായി മാറും.
ജങ്ഷൻ വികസിക്കുന്നത് അരുവിക്കര ഡാമിനും വിനോദ സഞ്ചാര മേഖലക്കും പുത്തൻ ഉണർവാകും. അരുവിക്കര-വെള്ളനാട് റോഡ് വികസനത്തിന്റെ ഭാഗമായാണ് ജങ്ഷൻ വികസനം കൂടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പുതിയ വെയ്റ്റിങ് ഷെഡും, തെരുവുവിളക്കുകളും, ഫുട്പാത്തും, മഴ വെള്ള - ഡ്രെയിനേജ് സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് 15 കോടിയുടെ അരുവിക്കര ജങ്ഷൻ വികസന പദ്ധതി. അരുവിക്കര ഡാം മുതൽ ഫാർമേഴ്സ് ബാങ്ക് ജംഗ്ഷൻ വരെയും, അരുവിക്കര ജങ്ഷൻ മുതൽ കണ്ണംകാരം പമ്പ് ഹൗസ് വരെയും 2.20 കിലോ മീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിൽ റോഡ് നിർമിക്കും. ആകെ 19 സെന്റ് ഭൂമിയാണ് ജങ്ഷന് വികസനത്തിനായി ഏറ്റെടുക്കേണ്ടി വരുന്നത്. ആവശ്യമായ മുഴുവന്പുറമ്പോക്ക് ഭൂമിയും അളന്ന് തിട്ടപ്പെടുത്തി. 68 ഭുവുടമകളില്‍ 56 പേര്‍ക്കും പണം നല്കി.


