കൃഷി നശിപ്പിച്ചതായി പരാതി
text_fieldsരവീന്ദ്രൻ നായരുടെ കൃഷി നശിപ്പിച്ച നിലയിൽ
നെടുമങ്ങാട് : തദ്ദേശ തെരെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ച കർഷകന്റെ പാട്ട ഭൂമിയിലെ കൃഷി നശിപ്പിച്ചതായി പരാതി. അരുവിക്കര ഇരുമ്പ രേവതി നിലയത്തിൽ രവീന്ദ്രൻ നായരുടെ കൃഷിയാണ് നശിപ്പിച്ചത്. വാട്ടർ അതോറിറ്റിയുടെ 25 സെൻറ് സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും വാഴയുമാണ്കൃഷി ചെയ്തിരുന്നത്. കൃഷിത്തോട്ടം പൂർണമായും വെട്ടി നശിപ്പിച്ച നിലയിലാണ്.
വിളവെടുക്കാൻ പാകമായ 350 മൂട് കപ്പയും പാളയംകോടൻ ഇനത്തിൽപ്പെട്ട വാഴയുമാണ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി രവീന്ദ്രൻ നായർ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചതിലുള്ള വിരോധത്തിൽ ആയിരിക്കാം എതിർ കക്ഷികൾ സാമൂഹിക വിരുദ്ധരെ കൊണ്ട് കൃഷി നശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. അരുവിക്കര പോലീസ് അന്വേഷണം ആരംഭിച്ചു.


