കോട്ട കാക്കാൻ കോൺഗ്രസ്; കുത്തക തകർക്കാൻ എൽ.ഡി.എഫ്
text_fieldsനെടുമങ്ങാട് :ജില്ലയിൽ കോൺഗ്രസിന് ശക്തമായ വളക്കൂറുള്ള മണ്ണാണ് വെള്ളനാട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ താലൂക്കിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും യു.ഡി.എഫ് തകർന്നടിഞ്ഞപ്പോഴും വെള്ളനാട് ഭരണം നിലനിർത്തുകയായിരുന്നു. കോട്ട പൊളിയാതെ കാക്കുമെന്ന് കോൺഗ്രസും ഇക്കുറി കുത്തക തകർക്കുമെന്ന് എൽ.ഡി.എഫും വാശിയോടെയാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. വെള്ളനാട് തങ്ങളെ ചതിക്കില്ലന്നും ഭരണം നിലനിർത്തുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കു കൂട്ടൽ.
കോൺഗ്രസിൽ നിന്നും കൂറുമാറി സി.പി.എമ്മിൽ ചേർന്ന മുൻ ജില്ലപഞ്ചായത്ത് അംഗവും നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വെള്ളനാട് ശശിയെ മുൻനിർത്തിയാണ് എൽ.ഡി.എഫിന്റെ പോരാട്ടം. മറുപക്ഷത്ത് ശശിയുടെ സഹോദരനും നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ വെള്ളനാട് ശ്രീകണ്ഠനാണ് നേതൃത്വം.
ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് എങ്കിൽ, സമീപ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണസമിതികൾ വികസന കുതിപ്പ് നടത്തിയപ്പോൾ വെള്ളനാട്ട് വികസന മുരടിപ്പാണെന്നും യു.ഡി.എഫ് ഭരണം തികച്ചും പരാജയമാണെന്നും എൽ.ഡി.എഫ് പറയുന്നു. നിലവിലെ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിത സംവരണമായിരുന്നത് ഇക്കുറി ജനറലായിട്ടുണ്ട്. ഇക്കുറി വാർഡ് പുനർവിഭജനത്തിൽ വാർഡുകളുടെ എണ്ണം 20 ആയി വർധിച്ചു.
നിലവിലെ കക്ഷിനില - ആകെ സീറ്റ് 18
- കോൺഗ്രസ് 11
- സി.പി.എം 04
- ബി.ജെ.പി 01
- ജനതദൾ (എസ്) 01
- സ്വതന്ത്രൻ 01


