മുല്ലശേരിയിൽ കുടിവെള്ളം മുട്ടിച്ച് തുടർച്ചയായി പൈപ്പ് പൊട്ടൽ
text_fieldsമുല്ലശേരിയിൽ പൈപ്പ് പൊട്ടലുണ്ടാകുന്ന ഭാഗം
നെടുമങ്ങാട്: കരകുളം മുല്ലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം മുട്ടിച്ച് തുടർച്ചയായി പൈപ്പ് പൊട്ടൽ. ജംഗ്ഷനിലെ പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായി. ഉയർന്ന സ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി മുമ്പ് സ്ഥാപിച്ചിരുന്ന 10 ഇഞ്ചിന്റെ ഗേജ് കൂടിയ പൈപ്പ് മാറ്റി 6 ഇഞ്ചിന്റെ ഗേജ് കുറഞ്ഞ പൈപ്പ് സ്ഥാപിച്ചിരുന്നു. ഇതിനു ശേഷമാണ് പൈപ്പ് പൊട്ടൽ തുടർക്കഥയാവുന്നത്. കല്ലയം-തേറക്കോട് മുതൽ മുല്ലശ്ശേരി ജംഗ്ഷൻ വരെയാണ് 6 ഇഞ്ച് പൈപ്പ് സ്ഥാപിച്ചത്. മുല്ലശ്ശേരി ജംഗ്ഷനിലുള്ള വാൽവിന്റ ഭാഗത്ത് 40 ദിവസത്തിനിടെ പത്തു പ്രാവശ്യം പൈപ്പ് പൊട്ടലുണ്ടായായി.
രണ്ടു ദിവസത്തിലൊരിക്കൽ ചാർജ് ചെയ്യുന്ന ലൈനിൽ അറ്റകുറ്റപണി നടത്തിയ ഭാഗം തുടർച്ചയായി പൊട്ടിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പലപ്രാവശ്യം വിളിച്ചറിയിച്ചിട്ടും പരിഹാരം കണ്ടെത്താൻ സാധിച്ചില്ല. ഈ സ്ഥലത്ത് പല ഭാഗത്തും ഇപ്പോഴും കുടിവെള്ളം കിട്ടുന്നില്ല. ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ വാട്ടർ അതോറിട്ടി ഓഫിസിനു മുന്നിലും ഗ്രാമപഞ്ചായത്ത് ഓഫീസ് നടയിലും സമരം ആരംഭിക്കുമെന്ന ജനകീയ കൂട്ടായ്മ അറിയിച്ചു.


