വസ്തു വാഗ്ദാനംചെയ്ത് അഡ്വാൻസ് വാങ്ങി കബളിപ്പിച്ചെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ
text_fieldsഷൈലബീഗം
നെടുമങ്ങാട്: വസ്തു വിലക്ക് നൽകാമെന്ന് വാഗ്ദാനംചെയ്ത് പലരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് ചുള്ളിമാനൂർ ബൈത്തുൽ നൂറിൽ ഷൈല ബിഗത്തെയാണ് (51) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് സബ് ട്രഷറിക്ക് സമീപമുള്ള 20.5 സെന്റ് വസ്തുവും വീടും വിലക്ക് നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബാലരാമപുരം വഴിമുക്ക് വേട്ടുവിളാകം എസ്.എച്ച് ബിൽഡിങ്ങിൽ സക്കീർ ഹുസൈനിൽനിന്ന് 28ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും രണ്ട് ലക്ഷം നേരിട്ടും വാങ്ങി നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫിസ് മുഖേന എഗ്രിമെന്റ് എഴുതി. ഈ വസ്തു കുതിരകുളം സുഫിന മൻസിലിൽ സുൽഫത് ബീവിയിൽനിന്ന് 25 ലക്ഷം രൂപ കൈപ്പറ്റി മറ്റൊരു കരാറും നടത്തി.
സുൽഫത് വസ്തു എഴുതി നൽകിയില്ലെന്ന് ആരോപിച്ച് നെടുമങ്ങാട് സബ് കോടതി മുഖേന വസ്തു അറ്റാച്ച് ചെയ്തു. ഇതറിഞ്ഞ സക്കീർ അഡ്വാൻസ് തുക തിരികെ ചോദിച്ചെങ്കിലും മടക്കി നൽകാതെ കബളി പ്പിക്കുകയായിരുന്നു. തുടർന്നാണ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്.
കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൂണ്ടുപലകയിൽ ഷൈലബീഗത്തിന്റെ മറ്റൊരു വസ്തുവും സക്കീറിന് വിലക്ക് നൽകാമെന്ന് പറഞ്ഞു 42 ലക്ഷം രൂപ ഇതിനിടയിൽ അഡ്വാൻസ് വാങ്ങിയിരുന്നു. ഈ വസ്തുവും എഴുതി നൽകിയില്ല. ഇവിടെയും ഇവർക്കെതിരെ കേസുണ്ട്.
ഈ കേസിൽ മുൻകൂർ ജാമ്യം നേടി സ്റ്റേഷനിൽ ഹാജരായപ്പോഴാണ് നെടുമങ്ങാട് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.