നെടുമങ്ങാട്ട് വൻ ചാരായവേട്ട; വെടിമരുന്നും കാട്ടുപന്നിയുടെ അവശിഷ്ടവും കണ്ടെത്തി
text_fieldsപ്രതി ഭജൻലാൽ, പിടിച്ചെടുത്ത ചാരായവും വൈനും
നെടുമങ്ങാട്: വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽനിന്ന് 149 ലിറ്റർ വാറ്റുചാരായവും 39 ലിറ്റർ വൈനും വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. കേസിൽ വീട്ടുടമ വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാലിനെ (32) റൂറൽ എസ്.പിയുടെ സ്പെഷൽ ഡാൻസാഫ് ടീം പിടികൂടി.
വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് രഹസ്യവിവരത്തെ തുടർന്ന് സംഘം വീട്ടിൽ പരിശോധന നടത്തിയത്. മുറ്റത്ത് പ്രത്യേകം തയാറാക്കിയ അറകൾക്കുള്ളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. മുറ്റത്ത് ചീരക്കൃഷി നടത്തി അതിന് സമീപമാണ് അറകൾ ഉണ്ടാക്കി ഇവ ഒളിപ്പിച്ചത്. കാട്ടുപന്നിയെ വേട്ടയാടാനാണ് വെടിമരുന്നുസൂക്ഷിച്ചിരുന്നതെന്ന് പറയുന്നു. കൂടാതെ വൈനും കണ്ടെത്തി.
പ്രതിയെ വലിയമല പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു. കാട്ടുപന്നി അവശിഷ്ടം കണ്ടെത്തിയത് വനംവകുപ്പും അന്വേഷിക്കും. നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ കെ.എസ്, വലിയമല സി.ഐ പ്രമോദ് കൃഷ്ണൻ, ഡാൻസാഫ് ടീമിലെ ഓസ്റ്റിൻ, ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.