നെടുമങ്ങാട്ട് തെരുവോര കച്ചവടം ഒഴിപ്പിക്കൽ പ്രഹസനം; നഗരസഭ ഭരണാധികാരികളുടെ ഒത്താശയോടെ കച്ചവടം തലപൊക്കുന്നു
text_fieldsനെടുമങ്ങാട് സൂര്യ റോഡിൽ നഗരസഭ ഒഴിപ്പിച്ച സ്ഥലത്തു വീണ്ടും കച്ചവടക്കാർ ൈകയേറിയ നിലയിൽ
നെടുമങ്ങാട്: നഗരത്തിലെ അനധികൃത തെരുവോര കച്ചവടം ഒഴിപ്പിക്കൽ പ്രഹസനമാകുന്നു. നഗരസഭയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പ് ഏറെ കോളിളക്കത്തിനിടെ ഒഴിപ്പിച്ച നഗരത്തിലെ പ്രധാന വീഥികളിൽ വീണ്ടും അനധികൃത കച്ചവടം തലപൊക്കുന്നു.
നഗരസഭയിലെ ഭരണകക്ഷിയുടെ ഒത്താശയോടെയും രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയുമാണ് ഒഴിപ്പിച്ച സ്ഥലങ്ങളിൽ കച്ചവടക്കാർ വീണ്ടും തമ്പടിക്കുന്നതെന്നാണ് ആക്ഷേപം. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നഗരസഭാ ചെയർമാന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടന്നത്. നഗരസഭയിലെ പ്രധാന റോഡുകൾ കൈയേറി വർഷങ്ങളായി നടത്തിവന്ന അനധികൃത കച്ചവടം ടൗണിലെ ഗതാഗതത്തെയും കാൽനടയാത്രക്കാരുടെ സുരക്ഷയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു.
ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് നഗരസഭ കൗൺസിലും പൊലീസും ചേർന്ന് കർശന നടപടിയെടുത്ത് ഈ ഭാഗങ്ങൾ ഒഴിപ്പിച്ച് ഗതാഗതയോഗ്യമാക്കിയിരുന്നു. ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി, നടപടി കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചിലർ വീണ്ടും ഉന്തുവണ്ടികളുമായി പഴയ ഇടങ്ങളിൽ കച്ചവടം പുനരാരംഭിക്കുകയായിരുന്നു.
ഒഴിപ്പിക്കൽ പ്രക്രിയയെ ചില കൗൺസിലർമാരും ഭരണ കക്ഷിയിലെ ചില പ്രാദേശിക നേതാക്കളും തുടക്കം മുതലേ എതിർത്തിരുന്നു. ഒടുവിൽ നഗരസഭ ഒഴിപ്പിക്കൽ നിർത്തിവച്ചിരുന്നു. വിമർശനങ്ങൾക്ക് ഇടയായപ്പോൾ നേതാക്കൾ ഇടപ്പെട്ട് കുറച്ചു ദിവസത്തേക്ക് കടകൾ നീക്കം ചെയ്യിപ്പിച്ചു.


