പൊലീസിനെ ആക്രമിച്ച സംഘം അറസ്റ്റിൽ
text_fieldsസുജിത്, അനിത, അരവിന്ദ്, അൻവർ
നെടുമങ്ങാട്: പെട്രോൾ പമ്പിൽ പ്രശ്നങ്ങളുണ്ടാക്കിയ പ്രതികളെ പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിൽ നാലുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മഞ്ച പേരുമല ദർശന സ്കൂളിന് സമീപം ബിന്ദു ഭവനിൽ സുജിത് (28), മഞ്ച പേരുമല വാട്ടർ ടാങ്കിന് സമീപം ചന്ദ്രമംഗലം വീട്ടിൽ അരവിന്ദ് (27), കരകുളം മേലെ കരിമ്പുവിള വീട്ടിൽ നിന്ന് മണ്ണാമൂല വാടകക്ക് താമസം അനിത (25), ഒാലിക്കോണം തടത്തരികത്ത് വീട്ടിൽ അൻവർ (29) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 10 ഓടെ ആയിരുന്നു സംഭവം.
നെടുമങ്ങാട് 11-ാം കല്ലിലെ പെട്രോൾ പമ്പിൽ കാറിലെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞു നാട്ടുകാർ എത്തിയതോടെ രക്ഷപ്പെട്ട സംഘം നെടുമങ്ങാട് നഗരസഭ പാർക്കിങ് ഗ്രൗണ്ടിൽ എത്തി. നെടുമങ്ങാട് പൊലീസ് ഇവിടെയെത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരായ മുഹമ്മദ് ഷാഫി, അഭിലാഷ് എന്നിവരെ സംഘം ആക്രമിച്ചു.
ഇവരെ പിടികൂടി ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ സുജിത് എ.എസ്.ഐയുടെ വലതു കൈയിൽ ഇടിച്ചതായി പൊലീസ് പറഞ്ഞു. അനിത അഭിലാഷിന്റെ കൈയിൽ പിടിച്ച സമയം അൻവർ നെഞ്ചിൽ ചവിട്ടിയതായും പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ എത്തിച്ച സമയം സുജിത് സ്റ്റേഷനിലെ സെൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചതായും 10,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയതായും പൊലീസ് പറഞ്ഞു. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു.