പന്നിക്കൂട്ടം കൃഷി നശിപ്പിച്ചു;കൃഷി ഉപേക്ഷിക്കാനൊരുങ്ങി ദമ്പതികൾ
text_fieldsപന്നിക്കൂട്ടം നശിപ്പിച്ച കൃഷിയിടത്തിൽ ദമ്പതികൾ
നെടുമങ്ങാട്: കാട്ടുപന്നികൾ കൃഷി നശിപ്പിച്ചതിനെത്തുടർന്ന് കൃഷി നിർത്താനൊരുങ്ങി ദമ്പതികൾ. അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ വാർഡിലെ നാണുമല അനീഷ് ഭവനിൽ പി. മോഹനൻ (63) ഭാര്യ ആർ. മിനികുമാരി (53) എന്നിവരാണ് പന്നിശല്യം കൊണ്ട് പൊറുതി മുട്ടി കൃഷി ഉപേക്ഷിക്കുന്നതായി പറയുന്നത്. സ്വന്തമായുള്ള 35 സെൻറിലും 45 സെൻറ് ഭൂമി പാട്ടത്തിനെടുത്തുമാണ് ഹൃദ്രോഗിയായ മോഹനൻ കൃഷിയിലേർപ്പട്ടത്.
ചീര, വാഴ, മരച്ചീനി, പച്ചക്കറികൾ തുടങ്ങിയവയാണ് കൃഷിയിറക്കിയത്. ആദ്യം മരച്ചീനി, ചീര എന്നിവ പന്നിക്കൂട്ടം ഇറങ്ങി നശിപ്പിച്ചെങ്കിലും വാഴക്കൃഷിയിൽ ലാഭം കിട്ടി. തുടർന്ന് കൃഷി വാഴയും മരച്ചീനിയും മാത്രമാക്കി. എന്നാൽ ഇന്നലെ രാത്രിയോടെയാണ് നാലുമാസം പ്രായമുള്ള 300 ഓളം വാഴയും 250 ഓളം മരച്ചീനിക്കമ്പുകളും കാട്ടുപന്നിയിറങ്ങി വളരാനാകാത്തവിധം നശിപ്പിക്കുകയായിരുന്നു. പലയിടങ്ങളിൽ നിന്ന് കടം വാങ്ങിയായിരുന്നു കൃഷി.
നിത്യേനയുള്ള പന്നി ആക്രമണം കാരണം കൃഷി നിർത്താനാണ് ഇവരുടെ തീരുമാനം. ഹൃദ്രോഗബാധയെതുടർന്ന് വിദേശത്തുനിന്ന് നാട്ടിൽ എത്തിയ മോഹനന് മരുന്നുവാങ്ങാൻ ഇനി മറ്റ് പോംവഴി തേടണം. കൃഷിഭവനിൽ പരാതി നൽകി. ഫോറസ്റ്റിലും പരാതി നൽകാനാണ് തീരുമാനമെന്ന് മോഹനനും മിനികുമാരിയും പറഞ്ഞു. പന്നി ആക്രമണം കാരണം ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ ആരും കൃഷിയിറക്കുന്നില്ല. അഞ്ചുമാസം മുമ്പ് ഈ കൃഷിസ്ഥലത്ത് വെച്ച് പഞ്ചായത്ത് ഉത്തരവിനെ തുടർന്ന് ഒരു പന്നിയെ വെടിവെച്ചുകൊന്നിരുന്നു. കർഷകരെ സഹായിക്കാൻ സർക്കാർ സംവിധാനം മുന്നോട്ടുവരണമെന്നും ചെറുകിട കർഷകർക്ക് കൃഷി ചെയ്യുന്ന സാഹചര്യം ഒരുക്കിനൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.