ഭൂരിപക്ഷം നിലനിർത്താൻ എൽ.ഡി.എഫ്; കരുത്തുകാട്ടാൻ യു.ഡി.എഫ്
text_fieldsനെടുമങ്ങാട് :താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്താണ് കരകുളം. തുടർച്ചയായി ഭരണം കൈയാളുന്നത് എൽ.ഡി.എഫ് ആണെന്നതിന് പുറമെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് എന്നതും പ്രത്യേകതയാണ്. നിലവിൽ 23 വാർഡുകളുള്ളതിൽ 20 ഉം എൽ. ഡി.എഫിന്‍റേതാണ്. മൂന്നു വാർഡുകളിൽ മാത്രമാണ് യു. ഡി. എഫ് അംഗങ്ങളുള്ളത്. കഴിഞ്ഞകാലങ്ങളിൽ ബി.ജെ.പി ചില വാർഡുകളിൽ വിജയിച്ചിരുന്നെങ്കിലും 2020 ലെ തെരഞ്ഞെടുപ്പിൽ അവർ സംപൂജ്യരായി.
ഭൂ വിസ്തൃതിയിൽ ജില്ലയിൽ പെരിങ്ങമ്മല കഴിഞ്ഞാൽ കരകുളമാണ് മുന്നിൽ. ഭൂവിസ്തൃതിയും വാർഡുകളുടെ വർധനയും കാരണം പഞ്ചായത്തിനെ വിഭജിച്ചു വട്ടപ്പാറ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. തലസ്ഥാന നഗരിയുമായി അതിർത്തിപങ്കിടുന്ന കരകുളം പഞ്ചായത്തിൽ നിലവിൽ അധ്യക്ഷ സ്ഥാനം വനിത സംവരണമായിരുന്നത് ഇക്കുറി മാറി ജനറലായിട്ടുണ്ട്. വാർഡ് പുനർവിഭജനത്തിൽ ഒരു വാർഡ് വർധിച്ച് 24 ആയി.
വർഷങ്ങളായി തുടരുന്ന ആധിപത്യവും ഭരണസമിതികൾ നടത്തിയ വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ ഭരണ തുടർച്ചക്ക് വഴിയൊരുക്കുമെന്ന കണക്കുകൂട്ടലിൽ എൽ.ഡി.എഫ് തെരെഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇക്കുറി സ്ഥിതിമാറുമെന്ന് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു.


