നെടുമങ്ങാട് നഗരസഭയെ ആധുനിക നഗരമാക്കുമെന്ന് എൽ.ഡി.എഫ് വാഗ്ദാനം
text_fieldsനെടുമങ്ങാട്: എൽ.ഡി.എഫ് നെടുമങ്ങാട് നഗരസഭ പ്രകടനപത്രിക പ്രകാശനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. പ്രമോഷ്,ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ.ആർ ജയദേവൻ, ഡോ. ഷിജൂഖാൻ,സി. പി.ഐ ജില്ല കൗൺസിൽ അംഗം പി.കെ.സാം എന്നിവരാണ് പ്രകാശനം നിർവഹിച്ചത്. നഗരസഭക്ക് ആധുനിക സൗകര്യങ്ങളുള്ള ആസ്ഥാന മന്ദിരം നിർമിക്കും. ഹാപ്പിനസ് സെൻറർ സ്ഥാപിക്കും.ജില്ല ആശുപത്രിയുടെ നവീകരണം, സൗജന്യ ഡയാലിസിസ് സൗകര്യങ്ങൾ, വീടുകളിലെത്തി പരിചരണം നൽകുന്ന മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ എന്നിവ സ്ഥാപിക്കും. പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ വിപുലീകരിക്കും. സാംസ്‌കാരിക പൈതൃക സംരക്ഷണം സാധ്യമാക്കും.
സാംസ്‌കാരിക സമുച്ചയങ്ങൾ നിർമിക്കും.ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കും. കിള്ളിയാർ സംരക്ഷണ പദ്ധതി വിപുലീകരിക്കും. മുഴുവൻ സ്‌കൂളുകളെയും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തും.റെസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂൾ ആരംഭിക്കും. അഭ്യസ്‌തവിദ്യർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ''തൊഴിൽ ബാങ്ക്''.കാർഷിക മേഖലയുടെ ഉണർവിനായി ആധുനിക വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കും. നഗരസഭയിൽ അവശേഷിക്കുന്ന മുഴുവൻ ഭവനരഹിതർക്കും വീട് നൽകും.ശുദ്ധജല ലഭ്യത ഉറപ്പാക്കാനും, റോഡുകളും തെരുവുവിളക്കുകളും നവീകരിക്കാനും സമഗ്രമായ പദ്ധതി നടപ്പാക്കും.
മാലിന്യ സംസ്‌കരണം ശാസ്ത്രീയവും നൂതനവുമാക്കുന്ന പദ്ധതി നടപ്പാക്കും.നഗരസൗന്ദര്യവൽക്കരണം, പുതിയ പാർക്കുകൾ എന്നിവ നിർമ്മിക്കും.നെടുമങ്ങാട് ജില്ല ആശുപത്രിക്ക് പുതിയ മന്ദിരം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ഡയാലിസ് സൗകര്യം വർധിപ്പിക്കും. പൂവത്തൂർ ഹെൽത്ത് സെൻറർ, കരുപ്പൂര് ആയുഷ് എന്നീ ഹെൽത്ത് സെൻററുകളെ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രികളായി ഉയർത്തും. രോഗികൾക്ക് ആവശ്യമായി വരുമ്പോൾ വീടുകളിലെത്തി പരിചരണം ഉറപ്പുവരുത്തുന്ന തരത്തിൽ ഡോക്ടറും നഴ്‌സുമടങ്ങുന്ന മൊബൈൽ മെഡിക്കൽ യൂനിറ്റ് സജ്ജീകരിക്കും.ആശുപത്രികളിൽ കൂട്ടിരുപ്പുകാരില്ലാത്ത രോഗികളുടെ സഹായത്തിനായി ആരോഗ്യ സേന രൂപീകരിക്കും.
പി.എ. ഉത്തമൻ സ്‌മാരക കൾച്ചറൽ സെൻറർ സ്ഥാപിക്കും.കലാ- സാംസ്കാരിക -സാഹിത്യരംഗത്തെ പ്രോത്സാഹനത്തിന് ആധുനിക തിയേറ്റർ സമുച്ചയം നിർമിക്കും.നഗരസഭയിലെ ഗ്രന്ഥശാലകളെ ഇൻഫർമേഷൻ സെന്ററുകളായി ഉയർത്തും.വേങ്കോട് അമ്മാമ്പാറ ടൂറിസം പദ്ധതിയുടെ ഭാഗമായി ആംഫി തിയേറ്റർ നിർമിക്കും. മാനവീയം മാതൃകയിൽ കൾച്ചറൽ സ്ട്രീറ്റ് ഒരുക്കും. ദേശീയപ്രാധാന്യത്തോടെ എല്ലാ വർഷവും നെടുങ്ങാട് ഫെസ്റ്റ് സംഘടിപ്പിക്കും.ചരിത്ര പ്രസിദ്ധമായ നെടുമങ്ങാട് സ്വാതന്ത്ര്യ സമര സ്മാരക ഗ്രന്ഥശാലക്ക് പുതിയ ആസ്ഥാന മന്ദിരം നിർമിക്കും.സ്വാതന്ത്ര്യ സമര സ്‌മാരക പാർക്ക് യാഥാർഥ്യമാക്കും.മലിനജല സംസ്‌കരണത്തിന് വിപുലമായ പദ്ധതി നടപ്പിലാക്കും. കിള്ളിയാറിന്റെ തീരത്ത് പത്താംകല്ലിൽ ജൈവപാർക്ക് നിർമിക്കും, ആധുനിക സ്റ്റേഡിയം നിർമാണവും പൂർത്തീകരിക്കും.
കെ.എസ്.ആർ.ടി.സി യുമായി സഹകരിച്ച് ടൗൺ ബസ് സർവ്വീസ് നെറ്റ് വർക്ക് നടപ്പിലാക്കും.നഗരസഭയുടെ പരിധിയിൽ വരുന്ന നാലുവരി പാതയുടെ വശങ്ങൾ പൂന്തോട്ടവൽക്കരണം നടപ്പാക്കുകയും ഹരിതാഭമാക്കുകയും ചെയ്യും.നഗരത്തിനുള്ളിൽ മൾട്ടിലെവൽ പാർക്കിങ് സെൻററുകൾ സ്ഥാപിക്കും. പൊതുടോയ്‌ലറ്റുകൾ സ്ഥാപിക്കും.തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മൾട്ടി പർപ്പസ് കമ്യൂണിറ്റി ഹാളുകൾ സ്ഥാപിക്കും.പ്രാദേശികമായി ഓപൺ ജിമ്മുകൾ നിർമിക്കും. സ്പോർട്‌സ് ക്ലബുകൾക്ക് സ്പോർട്‌സ് കിറ്റുകൾ നൽകും.
നഗരസഭക്കുള്ളിലെ എല്ലാ ചിറകളും കുളങ്ങളും ജലസ്ത്രോതസുകളും നവീകരിക്കും. കൊറ്റാമല വാട്ടർടാങ്ക് കമീഷൻ ചെയ്യും.എല്ലാ അംഗൻവാടികൾക്കും സ്വന്തമായി ആധുനിക കെട്ടിട സൗകര്യം ഒരുക്കും. നാളികേരകൃഷി വികസനത്തിന് പ്രത്യേക പാക്കേജ് കൊണ്ടുവരും. ആധുനിക സംവിധാനമുള്ള പെറ്റ്സ് സെന്റർ സ്ഥാപിക്കും. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ വിപുലപ്പെടുത്തും. നെടുമങ്ങാടിന്‍റെ മുഖഛായ മാറ്റാൻ ഉതകുന്ന മലയോര റയിൽവേ സാധ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ സമീപിച്ച് തുടർ നടപടികൾ ത്വരിതപ്പെടുത്തും.


