പുറമ്പോക്കിലെന്ന്; വീടുകൾ പൊളിക്കാനുള്ള നീക്കം തടഞ്ഞു
text_fieldsമുന്നറിയിപ്പില്ലാതെ വീടുകൾ പൊളിക്കാനുള്ള ശ്രമം നാട്ടുകാർ തടയുന്നു
നെടുമങ്ങാട്: റോഡിന്റെ ഇരുവശവുമുള്ള പുറമ്പോക്കുകൾ അളന്നു തിട്ടപ്പെടുത്തി അതിലുള്ള വീടുകൾ പൊളിച്ചുമാറ്റാനെത്തിയ പൊതുമരാമത്ത്, റവന്യൂ അധികൃതരെ നാട്ടുകാർ തടഞ്ഞു. അരുവിക്കര വെള്ളനാട് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട മുണ്ടേല മുതൽ കൂവക്കുടി വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള പുറമ്പോക്കുകൾ അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇത് തിരിച്ചു പിടിക്കാൻ ആര്യനാട്, അരുവിക്കര പോലീസിന്റെ അകമ്പടിയോടെ മണ്ണുമാന്തി യന്ത്രവും ടിപ്പറുകളുമായി വീടുകൾ ഇടിച്ചു നിരത്താൻ എത്തിയതിനെയാണ് നാട്ടുകാർ തടഞ്ഞത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടപടിക്കായി എത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് പ്രദേശവാസികളെ അറിയിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 29 വരെ കോടതിയിൽ നിന്നും സ്റ്റേ ഉത്തരവുള്ള സ്ഥലത്താണ് ഗ്രാമപഞ്ചായത്തുകളെ പോലും അറിയിക്കാതെ നടപടിക്കായി എത്തിയത്. രാവിലെ പത്തരയോടെ എത്തിയ സംഘം നടപടി ആരംഭിച്ചപ്പോൾ നാട്ടുകാരുടെ വൻപ്രതിഷേധം ഉണ്ടായി. വീട്ടമ്മമാർ മണ്ണെണ്ണ കുപ്പിയുമായി മണ്ണുമന്തി യന്ത്രങ്ങളുടെ മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി.
മുണ്ടേല മുതൽ കൂവക്കുടി വരെയുള്ള ആറോളം വീടുകളാണ് പൊളിച്ചു മാറ്റാൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാരുടെ എതിർപ്പിൽ ചർച്ച ചെയ്യാമെന്ന് തീരുമാനത്തിൽ പിരിഞ്ഞു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. കല സ്ഥലത്തെത്തി റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പഞ്ചായത്തിലും അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നും പഞ്ചായത്തും തഹസിൽദാറും റവന്യൂ വകുപ്പും പിഡബ്ല്യുഡിയും ചേർന്ന് ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കാം എന്ന് അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ പിരിഞ്ഞു.


