വൃത്തിഹീനമായ അന്തരീക്ഷം;ഹൈപ്പർ മാർക്കറ്റിലെ അനധികൃത പാചകപ്പുരയിൽ നഗരസഭ പരിശോധന
text_fieldsനെടുമങ്ങാട്: രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാർക്ക് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്തുനൽകുന്നയിടത്ത് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി നടപടി സ്വീകരിച്ചു. നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി, വാർഡ് കൗൺസിലർ എൻ. ഫാത്തിമ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അടുത്തിടെ സ്ഥാപനം വിലക്കുവാങ്ങിയ വാളിക്കോടിന് സമീപമുള്ള വസ്തുവിലെ പഴയ വീട്ടിലായിരുന്നു നഗരസഭയുടെയോ ആരോഗ്യവകുപ്പിന്റെയോ അനുമതിയില്ലാതെ അനധികൃത പാചകപ്പുര പ്രവർത്തിച്ചിരുന്നത്. പാചകക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല.
പ്ലാസ്റ്റിക്കും പഴകിയ ഭക്ഷണവും രാത്രിയിൽ ഇവിടെ കത്തിക്കുന്നതായി കണ്ടെത്തി. ഒരാഴ്ചയായി ഇവിടെനിന്ന് പുക ഉയരുന്നതും അസഹനീയമായ ദുർഗന്ധവും നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം പുറത്തായത്. നാട്ടുകാർ നെടുമങ്ങാട് നഗരസഭ അധികാരികളെ വിവരം അറിയിച്ചതിനെ തുടർന്നാണ് ശനിയാഴ്ച ഇവിടെ പരിശോധന നടന്നത്. പഴകിയ ഭക്ഷണപദാർഥങ്ങളും പ്ലാസ്റ്റിക് കൂമ്പാരവും കണ്ടെത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്ത് ഇവിടെനിന്നാണ് എത്തിച്ചിരുന്നതത്രെ.
നഗരസഭ ലൈസൻസില്ലാതെയാണ് ഇവിടെ ഭക്ഷണം തയാറാക്കിയിരുന്നതെന്ന് കണ്ടെത്തി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ അധികാരികൾ അറിയിച്ചു. ഗോഡൗണിൽ സ്ഥിരമായി തൊഴിലാളികൾ താമസിച്ചാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. ഗ്യാസ് സിലിണ്ടറുകൾ, മാലിന്യം എത്തിക്കുന്ന വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. മാലിന്യം ഒഴുക്കിവിടുന്ന ദുർഗന്ധം വമിക്കുന്ന കുഴിയും കണ്ടെത്തി.