അമിത വേഗത്തിൽ പാഞ്ഞ് ടിപ്പറുകൾ; കരിങ്കല്ലുകൾ തെറിച്ചുവീണ് അപകടം പതിവ്
text_fieldsഉളിയൂര്‍ റോഡിലെ വളവില്‍ ലോറിയില്‍നിന്ന് തെറിച്ചുവീണ പാറ
നെടുമങ്ങാട്: ക്വാറികളില്‍നിന്നും കല്ലുകള്‍ നിറച്ച് അമിതവേഗത്തില്‍ പായുന്ന ടിപ്പര്‍ ലോറികളില്‍ നിന്നും പാറകഷണങ്ങള്‍ തെറിച്ചുവീണ് അപകടമുണ്ടാകുന്നു. പഴകുറ്റി ഉളിയൂര്‍ റോഡിലാണ് ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത്. റോഡ് നിര്‍മാണത്തിനായി പഴകുറ്റി-വെമ്പായം റോഡ് അടച്ചതോടെ വാഹനങ്ങളെല്ലാം പോകുന്നത് പഴകുറ്റി ഉളിയൂര്‍ റോഡ് വഴിയാണ്.
ഇടുങ്ങിയതും നിറയെ ഗട്ടറുകളുമുള്ള റോഡാണ് പഴകുറ്റി ഉളിയൂര്‍ റോഡ്. രണ്ട് വാഹനങ്ങള്‍ ഒരേസമയം വന്നാല്‍ കടന്നുപോകാന്‍ ഏറെ പ്രയാസമാണ്. ഈ റോഡില്‍കൂടിയാണ് പകലും രാത്രിയും ഒരു നിയന്ത്രണങ്ങളുമില്ലാതെ ടിപ്പര്‍ലോറികള്‍ മരണപ്പാച്ചില്‍ നടത്തുന്നത്.
പാറകയറ്റി വരുന്ന ലോറികളില്‍നിന്നും പാറകഷണങ്ങള്‍ തെറിച്ചുവീണ് റോഡ് യാത്രക്കാര്‍ക്കും ഇരുവശങ്ങളിലെ വീടുകള്‍ക്കും അപകടമുണ്ടാകുന്നു. കയറ്റം കയറുമ്പോഴും വേഗത്തില്‍ വളവുകള്‍ തിരിയുമ്പോഴുമാണ് കല്ലുകള്‍ തെറിച്ചുവീഴുന്നത്.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചുകുട്ടികളുടെ ജീവനും ടിപ്പറുകള്‍ ഭീഷണിയാണ്. സ്‌കൂള്‍ സമയത്ത് ടിപ്പറുകളുടെ യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെ അതൊന്നും ബാധകമല്ല.
കഴിഞ്ഞദിവസം ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന യുവാവിന്റെ ബൈക്കിന് മുകളിലൂടെയാണ് കല്ലുവീണത്. തലനാരിഴക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. ടിപ്പര്‍ ഡ്രൈവര്‍മാരെ ചോദ്യംചെയ്താല്‍ തെറിയഭിഷേകമാണെന്ന് നാട്ടുകാര്‍ പറയുന്നു.
കല്ലോ മണ്ണോ നിറച്ചുവരുന്ന ലോറികള്‍ ടാര്‍പ്പോളിനോ സമാനമായ ഷീറ്റുകളോ ഉപയോഗിച്ച് മൂടിക്കെട്ടണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ നിരത്തിലോടുന്ന ഒരു വണ്ടിയിലും ഇത്തരത്തില്‍ ടാര്‍പ്പോളിന്‍ ഉപയോഗിക്കുന്നില്ല. ഈ ലോറികളുടെ പിന്നാലെ യാത്രചെയ്യുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മിക്കപ്പോഴും കല്ലും മണ്ണും തെറിച്ചുവീഴുന്നത്.
നിത്യവും നടക്കുന്ന ഈ അപകടത്തില്‍ നിന്നും തങ്ങളുടെ കുട്ടികളേയും യാത്രക്കാരെയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് പൊലീസിനെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ.