തകർന്ന മേൽക്കൂരക്കു കീഴേ അവഗണന പേറി റംലബീവി
text_fields1. റംലബീവി 2. നിലംപൊത്താറായ റംലബീവിയുടെ വീട്
നെടുമങ്ങാട്: ചോർന്നൊലിക്കുന്ന, ഏത് നിമിഷവും തകർന്നുവീഴാവുന്ന കൂരക്ക് കീഴിൽ റംല ബീവിയുടെ ദുരിത ജീവിതം കണ്ടിട്ടും കണ്ണ് തുറക്കാതെ അധികൃതർ. പനവൂർ ഗ്രാമപഞ്ചായത്തിലെ വാഴോട് വാർഡിലെ താളികല്ലിൽ തടത്തരികത് വീട്ടിൽ വയോധികയായ റംലബീവിക്കാണ് ഈ ദുർഗതി.
വീടിന്റെ മേൽക്കൂര പൂർണമായി ദ്രവിച്ചനിലയിലാണ്. ഓടുകൾ നിലംപൊത്തി. ടാർപോളിൻ വലിച്ചുകെട്ടി വെള്ളം വീഴാത്ത ഭാഗത്താണ് ഇവർ അന്തിയുറങ്ങുന്നത്. വീട് അറ്റകുറ്റപ്പണിക്കും ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് വെക്കാനും ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങി വീട് വെച്ച് നൽകുന്നതിനുമടക്കം പദ്ധതികളുണ്ടെങ്കിലും അധികൃതർ റംലബീവിയുടെ അപേക്ഷ പരിഗണിക്കുന്നില്ല. ശാരീരിക അവശതകളുമായി ഏകയായി കഴിയുന്ന റംലബീവിയുടെ വീടിന്റെ മേൽക്കൂരയെങ്കിലും നന്നാക്കിയാൽ മതിയെന്നാണ് ഇവരുടെ ആവശ്യം.
ഇതിന് 75,000 രൂപയുടെ ചെലവുവരും. അധികൃതർ കനിയാതെ വന്നതോടെ നാട്ടുകാരുടെ സഹായത്തോടെ പണം സ്വരൂപിക്കാൻ ചിലർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.


