റിട്ട. സ്റ്റേഷൻ മാസ്റ്ററുടെ മരണം: ഭാര്യാസഹോദരൻ അറസ്റ്റിൽ
text_fieldsഷാജഹാൻ
നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി റിട്ട. സ്റ്റേഷൻ മാസ്റ്ററെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ സഹോദരൻ അറസ്റ്റിലായി. കെ.എസ്.ആർ.ടി.സി എം പാനൽ കണ്ടക്ടർ ജെ. ഷാജഹാനെ (52 -ഷാജി) ആണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. റിട്ട. സ്റ്റേഷൻ മാസ്റ്റർ നെടുമങ്ങാട് നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫിനെ (68) ശനിയാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിൽ ബിരുദാനന്തരബിരുദ മെഡിക്കൽ വിദ്യാർഥിയായ ഏക മകൻ ഡോ. ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് സംഭവത്തിന് ഒരാഴ്ച മുമ്പാണ് നെട്ടിറച്ചിറയിലെ കുടുംബവീട്ടിൽ എത്തിയത്. ഭാര്യ മാജിദ രണ്ടു വർഷം മുമ്പ് മരിച്ചതിനാൽ ഒറ്റക്കായിരുന്നു കുടുംബവീട്ടിൽ താമസം.
ഭാര്യക്കു ഓഹരിയായി കിട്ടിയ ഭൂമിയിൽ നിന്ന് അഷറഫ് ആദായമെടുത്തിരുന്നു. പതിവുപോലെ ആദായമെടുക്കാനായി പണിക്കാരനേയും കൂട്ടി പറമ്പിലെത്തിയ അഷറഫിനെ സമീപത്തു താമസിക്കുന്ന ഭാര്യ സഹോദരൻ ഷാജഹാൻ തടസ്സപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. പരിക്കേറ്റ അഷറഫ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും നെടുമങ്ങാട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിറ്റേന്നാണ് വീടിനുള്ളിൽ അഷ്റഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാലിനേറ്റ അടിയിൽ നിന്നുള്ള ആഘാതത്തിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.- കാലിലെ പരിക്ക് കാരണം അഷ്റഫിന് രക്തസമ്മർദം കൂടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. തുടർന്നാണ് നെടുമങ്ങാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തർക്കമുണ്ടായതായും മർദിച്ചതായും പ്രതി സമ്മതിച്ചതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു.