അധികാരമേറ്റ ഉടനെ വാഹനം നൽകിയില്ല; പഞ്ചായത്ത് വാഹനം റോഡിൽ തടഞ്ഞ് പ്രസിഡന്റ്
text_fieldsവാഹനം നൽകിയില്ലന്നാരോപിച്ച് പഞ്ചായത്ത് വാഹനം റോഡിൽ തടയുന്ന പുതിയ പ്രസിഡന്റ് വെള്ളനാട് ശശി
നെടുമങ്ങാട്: അധികാരമേറ്റ ഉടനെ വാഹനം നൽകിയില്ലന്നാരോപിച്ച് പഞ്ചായത്ത് വാഹനം റോഡിൽ തടഞ്ഞ് പ്രസിഡന്റ് വെള്ളനാട് ശശി; വെള്ളനാട് പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രസിഡന്റിന്റെ നടപടി വിവാദത്തിലായി. പ്രസിഡൻറിന് ജീപ്പ് നൽകിയില്ലെന്നാരോപിച്ച് പഞ്ചായത്ത് വാഹനം റോഡിൽ തടഞ്ഞിടുകയും വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു.
വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പഞ്ചായത്ത് ജീപ്പ് റോഡിൽ തടഞ്ഞ സമയത്ത് വാഹനത്തിനുള്ളിൽ ഡ്രൈവറും പഞ്ചായത്ത് സെക്രട്ടറിയും ഉണ്ടായിരുന്നു. പെരുമാറ്റചട്ടം നിലനിൽക്കെ പഞ്ചായത്ത് വാഹനത്തിന്റെ അതോറിട്ടി സെക്രട്ടറി ആയതിനാൽ, സെക്രട്ടറിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ മറ്റ് ഭരണസമിതിയംഗങ്ങൾക്കും പ്രസിഡന്റിനും വാഹനം ഉപയോഗിക്കാൻ കഴിയൂ എന്നതാണ് നിലവിലുള്ള ചട്ടം.
എന്നാൽ, സത്യപ്രതിജ്ഞക്ക് പിന്നാലെ വൈകുന്നേരം അഞ്ചുമണിയോടെ തന്നെ പ്രസിഡൻറ് തനിക്ക് വാഹനം വേണമെന്ന് ആവശ്യപ്പെട്ട് ശാഠ്യം പിടിക്കുകയും, അനുമതി ലഭിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് ജീപ്പ് റോഡിൽ തടഞ്ഞിടുകയും താക്കോൽ ഊരിയെടുക്കുകയും ചെയ്തു.
പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞ റിപ്പോർട്ടുകൾ കലക്ടറേറ്റിൽ സമർപ്പിച്ച് മടങ്ങിവരവേയാണ് വെള്ളനാട് കുളക്കോട് ഭാഗത്തുവെച്ച് പഞ്ചായത്ത് വാഹനം തടഞ്ഞത്. ഉടൻ പോലീസ് സ്ഥലത്തെത്തുകയും പാർട്ടിക്കാരുമായി ചർച്ച നടത്തി ശശിയെ പഞ്ചായത്ത് വാഹനത്തിൽ വീട്ടിലെത്തിച്ച് തിരികെ വാഹനം പഞ്ചായത്തിൽ കൊണ്ടിടുകയും ചെയ്തു.


