ഏഴേക്കർ പൈനാപ്പിൾ തോട്ടം നശിപ്പിച്ച് കാട്ടു പന്നികളുടെ അതിക്രമം
text_fieldsകാട്ടുപന്നികൾ കുത്തിമറിച്ച കൊങ്ങണംകോട് പൈനാപ്പിൾ തോട്ടം
നെടുമങ്ങാട്: ഏഴേക്കറോളം പ്രദേശത്തെ പൈനാപ്പിൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. പനവൂർ കൃഷിഭവന് കീഴിലെ കൊങ്ങണംകോട് ചിറപ്പതിയിൽ വിളവെടുപ്പിന് തയ്യാറായ തോട്ടമാണ് കാട്ടുപന്നികൾ കുത്തിമറിച്ചത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സജി എന്ന കർഷകന്റെ നേതൃത്വത്തിൽ നടത്തിവന്ന പാട്ടകൃഷിയാണ് നാമാവശേഷമായത്. കടുത്ത വേനലിൽ മൂന്നര ലക്ഷത്തോളം രൂപ ചെലവിട്ട് ഓലപ്പന്തലും ടാങ്കറിൽ വെള്ളവും എത്തിച്ചാണ് കർഷകൻ പൈനാപ്പിൾ തോട്ടം പരിപാലിച്ചിരുന്നത്.
കഴിഞ്ഞദിവസം രാത്രിയിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ കൃഷിയിടം പൂർണമായി നശിപ്പിക്കുകയായിരുന്നു. കൃഷി-വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ബന്ധപ്പെട്ടവർ കൈമലർത്തുകയാണെന്ന് പരാതിയുണ്ട്.