120 അടി ഉയരം; വിസ്മയക്കാഴ്ച ഒരുക്കി ക്രിസ്മസ് നക്ഷത്രം
text_fieldsമേപ്പൂക്കടയില്‍ മലയിന്‍കീഴ് സി.എസ്.ഐ പള്ളി
കോമ്പൗണ്ടില്‍ തയ്യാറാക്കിയ 120 അടി ഉയരമുള്ള
ദീപാലംകൃതമായ നക്ഷത്രം
നേമം: 120 അടി ഉയരമുള്ള ക്രിസ്മസ് നക്ഷത്രം കാഴ്ചക്കാര്‍ക്കു വിസ്മയം സമ്മാനിക്കുന്നു. മലയിന്‍കീഴില്‍ സി.എസ്.ഐ പള്ളിയുടെ ക്രിസ്മസ് കാര്‍ണിവലുമായി ബന്ധപ്പെട്ടുള്ള നക്ഷത്രമാണ് ഏവരിലും വിസ്മയം പടര്‍ത്തുന്നത്. മേപ്പൂക്കടയിലെ പള്ളി കോമ്പൗണ്ടില്‍ ഇന്നലെ വൈകുന്നേരം മന്ത്രി ജി.ആര് അനില്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു.
നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള മലയിന്‍കീഴ് സി.എസ്.ഐ. സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ണിവല്‍ പുതുവര്‍ഷദിനത്തില്‍ സമാപിക്കും. മേപ്പൂക്കടയില്‍ ചര്‍ച്ചിനോടനുബന്ധിച്ചുള്ള ആറര ഏക്കര്‍ സ്ഥലത്താണ് കാര്‍ണിവല്‍ ഒരുക്കിയത്. കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളജിന്റെ പ്രദര്‍ശനം, വാട്ടര്‍ ഫൗണ്ടേഷന്, ലൈറ്റിങ് പാരച്ചൂട്ട്, അക്വാ പെറ്റ്ഷോ, ക്രിസ്മസ് ട്രീ വില്ലേജ്, ഒട്ടക-കുതിര സവാരി, സൂര്യകാന്തിപാടം, കൂറ്റന്‍ ക്രിസ്മസ് ട്രീ, ക്രിസ്മസ് പാപ്പ, അമ്യൂസ്മെന്റ് പാര്‍ക്ക്, ബാലപ്രതിഭാ ക്യമ്പ്, 200-ഓളം സ്റ്റാളുകള്‍, ഫുഡ്കോര്‍ട്ട്, മെഗാഷോകള്‍, നാടകം, ഗാനമേള, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ദീപാലങ്കാരം എന്നിവ ഒരുക്കിയിട്ടുണ്ട്.
സഭശുശ്രൂഷകന് ഫാ.ജെ. ഇബ്ബാസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, റവ. ടി.ഡബ്ല്യു പ്രശാന്ത്, എല്‍. അനിത, ബി.കെ ഷാജി, റവ. ഡി.സാം ജോയി എന്നിവര്‍ പങ്കെടുത്തു.