ആശുപത്രിക്ക് ഒരേക്കർ നൽകിയ സരസ്വതിഭായിയെ അധികൃതർ മറന്നു
text_fieldsസരസ്വതിഭായി
നേമം: വിലമതിക്കാനാവാത്ത ദാനം നാടിനുനൽകിയ ഒരു അമ്മയുണ്ടായിരുന്നു വിളപ്പിൽശാലയിൽ. കോടികള്‍ വിലവരുന്ന ഭൂസ്വത്ത് സര്‍ക്കാര്‍ ആശുപത്രിക്ക് ദാനം നല്കിയ അമ്പലത്തുംവിള സരസ്വതീഭായി എന്ന നാടിനാകെ വിളക്കായ അമ്മ. കുടുംബ ഓഹരിയായി കിട്ടിയ ഒരേക്കര്‍ ഭൂമിയാണ് സരസ്വതീഭായി വിളപ്പിൽശാലയിൽ സർക്കാർ ആശുപത്രി സ്ഥാപിക്കാൻ സൗജന്യമായി നൽകിയത്.
അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. 1961ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. 2021ൽ സരസ്വതീഭായി 97ാം വയസ്സിൽ മരിച്ചു. മരണശേഷം ആശുപത്രിക്ക് അമ്മയുടെ പേര് നൽകണമെന്ന ആവശ്യവുമായി മക്കൾ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സ്ഥലം എം.എൽ.എ എന്നിവർക്കൊക്കെ നിവേദനം നൽകിയെങ്കിലും ഇതേവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. കഴിഞ്ഞദിവസം സരസ്വതീഭായിയുടെ മൂന്നാം ചരമവാർഷികത്തിൽ അവരുടെ ഛായാചിത്രത്തിൽ പൂമാലയിട്ട്, ദീപം തെളിച്ച് ആശുപത്രി ജീവനക്കാർ ഓർമ പുതുക്കി.
നാടിന് നന്മ പകർന്ന ആ അമ്മക്ക് നാടെന്ത് നൽകിയെന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ ശേഷിക്കുന്നു. പിൽക്കാലത്ത് അമ്പലത്തുംവിള കുടുംബം ക്ഷയിച്ചു. മരിക്കുമ്പോൾ ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്ത സരസ്വതീഭായിയെ സംസ്കരിച്ചത് പൊതുശ്മശാനത്തിലും !