അടിസ്ഥാന സൗകര്യങ്ങള്‍ തേടി ശാന്തിവിള ആശുപത്രി
text_fieldsനേമം ശാന്തിവിള താലൂക്കാശുപത്രിയിലെ പരിമിതമായ കിടക്കകളുള്ള വാര്‍ഡ്. ഒരു കിടക്കയില്‍ ഒന്നിലധികം പേര് ഇരിക്കുന്നതും കാണാം
നേമം: നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന നേമം ശാന്തിവിള താലൂക്കാശുപത്രിയില്‍ കിടക്ക ലഭിക്കണമെങ്കില്‍ ഭാഗ്യം കനിയണം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൂര്‍ണ സാന്ത്വനമേകാതെയാണ് ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം.
മൂന്നുനിലകളുള്ള കെട്ടിടത്തില്‍ രണ്ടാംനിലയിലാണ് കിടത്തി ചികിത്സ വിഭാഗം പ്രവര്‍ത്തിക്കുന്നത്. രണ്ട് വാര്‍ഡുകളിലായി 18 കിടക്ക മാത്രമാണുള്ളത്. ഒരുകാലത്ത് 61 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ടായിരുന്ന ആശുപത്രിയുടെ അവസ്ഥയാണിത്.
കിടക്കകളില്‍ ചിലതൊക്കെ അത്യാഹിത വിഭാഗത്തിലേക്കും മറ്റുള്ള ആവശ്യങ്ങള്‍ക്കുമായി എടുത്തു. കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ചാണ് ഇവിടെ മൂന്നാമത്തെ നില പണിതത്. കിടത്തി ചികിത്സ വിഭാഗത്തിനായി പണിത ഈ വിഭാഗത്തില്‍ 21 കിടക്കകള്‍ ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്. ഫലത്തില്‍ 39 രോഗികള്‍ക്ക് സാന്ത്വനമേകേണ്ടുന്ന ആശുപത്രിയില്‍ ഇപ്പോള്‍ 18 രോഗികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ദിനംപ്രതി 700 ഓളം രോഗികള്‍ ചികിത്സതേടി എത്തുന്നുണ്ടെന്നാണ് കണക്ക്. 2008 കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വാര്‍ഡ് ആശുപത്രിയില്‍ നിര്‍ത്തി.
ആശുപത്രിയുടെ മൂന്നാംനില രോഗികള്‍ക്കായി തുറന്നുനല്‍കി കിടത്തി ചികിത്സക്ക് കൂടുതല്‍പേരെ പ്രവേശിപ്പിക്കണമെന്ന് സാധു സംരക്ഷണസമിതി സെക്രട്ടറി ശാന്തിവിള സുബൈര്‍ ആവശ്യപ്പെട്ടു. ആശുപത്രിയുടെ നിലവിലെ അവസ്ഥ മാറണമെങ്കില്‍ രണ്ട് ഡോക്ടര്‍മാരെയും കുറഞ്ഞത് ആറ് സ്റ്റാഫ് നഴ്സുമാരെയും നാല് ക്ലീനിങ് സ്റ്റാഫിനെയും അടിയന്തരമായി നിയമിക്കേണ്ടതുണ്ട്.