പുലിപ്പേടിയിൽ നേമം; കാമറ സ്ഥാപിച്ച് വനംവകുപ്പ്
text_fields സി.സി ടി.വിയിൽ പതിഞ്ഞ കാട്ടുപൂച്ച
നേമം: മിണ്ണംകോട്-മുക്കംപാലമൂട് ഭാഗത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതര്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു. രണ്ടു കാമറകളാണ് മിണ്ണംകോട് ചെറുകോട് ഭാഗത്ത് പുലിയെ കണ്ടുവെന്ന് പരിസരവാസികള്‍ പറയുന്ന ഭാഗത്തിനടുത്ത് സ്ഥാപിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്. ശ്രീജു, ബി.എഫ്.ഒ റോയി ജോണ്സണ്, ജീവനക്കാരായ ഷിബു, സുബാഷ് തുടങ്ങിയവര്‍ ചെറുകോട് ഭാഗത്ത് സന്ദര്‍ശനം നടത്തിയത്. ചെറുകോട് സ്വദേശി തങ്കമണി (55) ആണ് പുലിയെ കണ്ടതായി പറയുന്നത്. താന്‍ വീടിനു സമീപം നില്ക്കുമ്പോള് പുലി മരങ്ങള്‍ക്കിടയിലൂടെ ഓടിമറഞ്ഞുവെന്നാണ് ഇദ്ദേഹം അറിയിച്ചത്.
എന്നാല്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകൾ വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. രണ്ടാഴ്ച മുമ്പുതന്നെ പുലിപ്പേടി പ്രദേശവാസികളില്‍ നിലനില്‍ക്കുന്നുണ്ട്. റിട്ട. അദ്ധ്യാപകനായ ഗോപാലകൃഷ്ണന് തന്റെ വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വനംവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ ഇത് ഒരു നായയോളം വലുപ്പമുള്ള കാട്ടുപൂച്ചയായിരുന്നു.
കാട്ടുപൂച്ച കാറിനുമുകളില്‍ ചാടിക്കയറുന്നതും വളര്‍ത്തു പൂച്ചകളെ ഓടിക്കുന്നതുമായ ദൃശ്യങ്ങളാണ് സി.സി.ടി.വി കാമറയില്‍ ലഭിച്ചത്. മുക്കുന്നിമലയുമായി ചേര്‍ന്നു വരുന്ന ഭാഗമാണ് ഇതെന്നും എന്നാല്‍ത്തന്നെയും ഇവിടെ പുലിയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നും അതേസമയം ജനങ്ങളുടെ സംശയം പൂർണമായി അകറ്റുന്നതിനാണ് പരിശോധനകള്‍ക്കായി കാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഡി.എഫ്.ഒ മാധ്യമത്തോടു പറഞ്ഞു. മഞ്ഞയില്‍ പുള്ളികളുള്ള പുലിയെയാണ് കണ്ടതെന്ന് പരിസരവാസികളില്‍ കൂടുതല്‍ പേര് പറയുന്നതിനാല്‍ കുറച്ചുദിവസം നിരീക്ഷണകാമറകള്‍ നിലനിര്‍ത്തും.
ശക്തിയേറിയ നൈറ്റ്വിഷന്‍ കാമറകളാണ് മരങ്ങളില്‍ കൃത്യമായ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ കരുതല്‍ വേണമെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ജനങ്ങളുടെ ആശങ്കകള്‍ അകറ്റുമെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.