ഹോട്ടലിനുള്ളിൽ അക്രമം നടത്തിയ ക്രിമിനല്‍ക്കേസ് പ്രതി പിടിയില്‍
text_fieldsനേമം: തമ്പാനൂരിലെ ഒരു ഹോട്ടലിനുള്ളില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. ശാസ്തമംഗലം സ്വദേശി മുഹമ്മദ് ആസിഫ് (38) ആണ് പിടിയിലായത്. മുട്ടട സ്വദേശി നിഥിന് ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനിലെ ഹോട്ടലില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുറച്ചുനാള്‍ മുമ്പ് മുഹമ്മദ് ആസിഫും നിഥിനും തമ്മില്‍ അടിപിടിയുണ്ടാകുകയും നിഥിനെ വെട്ടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ആസിഫ് റിമാന്‍ഡിലാകുകയും ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തിരുന്നു.
പേട്ട സ്റ്റേഷനിലായിരുന്നു ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനിടെയാണ് ഹോട്ടലില്‍ നടത്തിയ ഒരു ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് ഇരുവരും കാണാന്‍ ഇടയായത്. കോടതിയില്‍ സാക്ഷിപറയാന്‍ വന്നാല്‍ കൊല്ലുമെന്നു പറഞ്ഞാണ് ഹോട്ടലില്‍ വച്ച് നിഥിനെ പ്രതി വീണ്ടും ആക്രമിച്ചതത്രെ. പരിക്കേറ്റ നിഥിൻ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം തമ്പാനൂര്‍ സി.ഐ വി.എം ശ്രീകുമാര്‍, എസ്.ഐ ബിനു മോഹന്‍, സി.പി.ഒമാരായ ബോബന്, അനു, ശ്രീരാഗ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ ശാസ്തമംഗലത്തെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.