പിഴത്തുക കീശയിലാക്കി; കരമന സ്റ്റേഷനിലെ മുന്‍ റൈറ്റര്‍ക്ക് സസ്പെന്ഷന്
text_fieldsനേമം: വാഹനയാത്രികരില്‍ നിന്നുള്ള പിഴത്തുക കീശയിലാക്കിയതിന് കരമന സ്റ്റേഷനിലെ മുന്‍ റൈറ്റര്‍ക്ക് സസ്പെന്ഷന്. കാഞ്ഞിരംകുളം സ്വദേശി ഷിജി വിന്‍സന്റ് (45) ആണ് സസ്പെന്‍ഷനിലായത്. ഡ്യൂട്ടിസമയത്തുള്ള മദ്യപാനവും മറ്റു സ്വഭാവദൂഷ്യവും മൂലം ഒരുവര്‍ഷം മുമ്പ് ഷിജി വിന്‍സന്റിനെ നന്ദാവനം എ.ആര് ക്യാമ്പിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇവിടെ ജോലി ഏറ്റെടുത്ത് ഒരാഴ്ചക്കുള്ളില്‍ ഇയാള്‍ മെഡിക്കല്‍ലീവില്‍ പ്രവേശിച്ചു. ട്രാന്‍സ്ഫര്‍ ആയപ്പോള്‍ ക്യാഷ് ബുക്കും ക്യാഷ് ബാലന്‍സും പുതിയ റൈറ്റര്‍ക്ക് കൈമാറാതിരുന്നതില്‍ സംശയം തോന്നിയാണ് ഇയാള്‍ക്കെതിരേ അന്വേഷണം ഉണ്ടായത്. ക്യാഷ് ബുക്ക് കൈമാറണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഷിജി അനുസരിച്ചില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായി ഷിജി വിന്സന്റിനെതിരേ കരമന സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. പിഴത്തുക ട്രഷറിയിലേക്ക് അടച്ചിട്ടില്ലെന്നും പിന്നീട് വ്യക്തമായി.
കരമനയില്‍ പുതിയ സി.ഐ ചുമതലയേറ്റ ശേഷമുള്ള ആറുമാസ കാലയളവില്‍ മാത്രം 25,000 ഓളം രൂപ ട്രഷറിയില്‍ ഷിജി അടക്കാനുണ്ട്. മൂന്നുവര്‍ഷമായി ട്രഷറിയില്‍ പിഴത്തുക അടച്ചിട്ടില്ലെന്നും കണ്ടെത്തി. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് എസ്.ഐമാര്‍ പിഴത്തുക സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്നതും ഇത് റ്റൈറ്റര് വാങ്ങുന്നതും ഡ്യൂട്ടി ഒഴിയുന്നതോടെ ഈ പണം മേശവലിപ്പില്‍ നിന്നു പോക്കറ്റിലിട്ടുകൊണ്ടു പോകുന്നതും കണ്ടെത്താന്‍ സാധിച്ചു. ആദ്യമൊക്കെ എസ്.ഐമാരെയും മറ്റുപോലീസുകാരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവര്‍ക്ക് പങ്കില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് സ്ഥലം മാറ്റപ്പെട്ട ഷിജിയെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. രണ്ടുദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഷിജി വിന്‍സന്റ് പ്രതികരിച്ചില്ല. ഇതോടെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് ഷിജി വിന്‍സന്റിനെ സസ്പെന്റ് ചെയ്തത്. ഷിജി വിന്സന്റിനെതിരേ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നും കമ്മീഷണര്‍ സൂചന നല്കി.


