ഈ 'വര'ദക്ഷിണ, എന്റെ ഗുരുദക്ഷിണ
text_fieldsസ്വാലിഹ താന്‍ വരച്ച ചിത്രവുമായി മലയിന്‍കീഴ് സ്കൂളിലെ അധ്യാപികമാര്‍ക്കൊപ്പം
നേമം: സ്വാലിഹ പത്താം ക്ലാസ് കഴിഞ്ഞ് സ്കൂളില്‍നിന്ന് പടിയിറങ്ങിയപ്പോള്‍ തന്റെ അധ്യാപകര്‍ക്ക് നല്‍കിയത് വിചിത്രമായൊരു ഗുരുദക്ഷിണ. തന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരുടെയും രൂപം ചിത്രകാരി കൂടിയായ സ്വാലിഹ കാന്‍വാസില്‍ വരച്ച് 'വര'ദക്ഷിണയായി സമർപ്പിക്കുകയായിരുന്നു. മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ ക്ലാസുകളില്‍ തന്നെ പഠിപ്പിച്ച 25 അധ്യാപകര്‍ക്കാണ് അവരുടെ മുഖചിത്രം സ്വാലിഹ പെന്‍സില്‍ ഉപയോഗിച്ച് വരച്ച് ഫ്രെയിം ചെയ്തു നല്‍കിയത്. മലയിന്‍കീഴ് സ്കൂളില്‍നിന്ന് ഈ വര്‍ഷമാണ് പേയാട് കാട്ടുവിള എം.എസ് മന്‍സിലില്‍ എം. സ്വാലിഹ പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ചത്.
കോട്ടണ്‍ഹില്‍ സ്കൂളിലാണ് ബയോളജി സയന്‍സിന് പ്രവേശനം ലഭിച്ചത്. പുതിയ സ്കൂളില്‍ ക്ലാസിനു പോകുന്നതിനു മുമ്പാണ് സ്വാലിഹ തന്റെ പ്രിയപ്പെട്ട മലയിന്‍കീഴ് സ്കൂളിലെ അധ്യാപകരെനേരിൽകണ്ട് നന്ദി അറിയിക്കാന്‍ എത്തിയത്.
ഹെഡ്മിസ്ട്രസ് സി.എച്ച്. ലീന ഉള്‍പ്പെടുന്ന അധ്യാപകര്‍ക്കു പുറമേ മറ്റു ജീവനക്കാര്‍ക്കും അവരുടെ ചിത്രം വരച്ചു നല്കി. എല്ലാവരുടെയും മുഖം വരയ്ക്കാന്‍ ഇഷ്ടപ്പെടുന്ന സ്വാലിഹ ഇതുവരെ ചിത്ര രചന പഠിച്ചിട്ടില്ല. ഭാവിയില്‍ പൊലീസ് ഓഫിസര്‍ ആകണമെന്നാണ് എസ്.പി.സി കാഡറ്റ് കൂടിയായ ഈ കലാകാരിയുടെ അഭിലാഷം.