കരുതലിന്റെ കളരിയില്‍ കച്ചമുറുക്കി പ്രിയ
text_fieldsആയോധന കലകയില് പരിശീലനം നല്കുന്ന പ്രിയ
നേമം: ഒരു ദശാബ്ദം കുട്ടികളെ അക്ഷരം പഠിപ്പിച്ച ഗുരുനാഥ, ഇന്നവര്‍ പഠിപ്പിക്കുന്നത് അക്ഷരങ്ങളല്ല, ആയോധന പാഠങ്ങള്‍. മലയിന്‍കീഴ് അണപ്പാട് നന്ദനത്തില്‍ പ്രിയ (40) അധ്യാപനം ഉപേക്ഷിച്ച് കളരിത്തറയില്‍ കച്ചമുറുക്കി എത്തിയത് യാദൃശ്ചികം.
നിനച്ചിരിക്കാതെ പിടിപെട്ട അസുഖത്തിന് ആയുര്‍വേദ ചികിത്സ വേണ്ടിവന്നപ്പോഴാണ് അധ്യാപന ജീവിതം ഉപേക്ഷിച്ചത്. കഷായവും തൈലവും കുഴമ്പുമായി ഏറെനാളുകള്‍. എന്നിട്ടും രോഗം ശമിച്ചില്ല. ഒടുവില്‍ യോഗാസനം ജീവിതചര്യയാക്കി. മരുന്ന് തോറ്റിടത്ത് യോഗയിലൂടെ രോഗത്തെ പമ്പകടത്തി.
ആരോഗ്യം വീണ്ടെടുത്തപ്പോള്‍ ആഗ്രഹം കളരിമുറകള്‍ പഠിക്കാനായി. ബാലരാമപുരം ശിവ മര്‍മ്മകളരി ആന്റ് യോഗ സെന്ററിന്റെ സ്ഥാപകന്‍ സുരേഷ് ഗുരുക്കളുടെ ശിഷ്യത്വം സ്വീകരിച്ചു. തെക്കന്‍കളരി, കിഴക്കന്കളരി, അഗസ്ത്യര്‍ ചുവടുമുറ, അടിമുറ സമ്പ്രദായം എന്നിവ പഠിച്ചു. കൈപ്പോരും, നെടുവടി, കുറുവടി പയറ്റുകളും ശീലിച്ച പ്രിയ, വടക്കന്‍പാട്ടിലെ ഉണ്ണിയാര്‍ച്ചയെ പോലെ കച്ചമുറുക്കി കളരിത്തട്ടിലേക്ക്. പോരിനായിരുന്നില്ല ആ പടപ്പുറപ്പാട്, പെണ്‍കുട്ടികള്‍ക്ക് പ്രതിസന്ധി ഘട്ടത്തില്‍ ശത്രുവിനെ കീഴ്പ്പെടുത്താന്‍ കഴിയുന്ന കളരിയുടെ പ്രയോഗിക രീതികള്‍ പഠിപ്പിക്കാനായിരുന്നു. ശിവ മര്മ്മകളരിയില് പരിശീലകയാണ് ഇപ്പോള്‍. മക്കള്‍: ആനന്ദ്, അഞ്ജന.