കരമന സ്വര്‍ണ്ണക്കവര്‍ച്ച; സൂത്രധാരന്‍ വഞ്ചിയൂരില്‍ പിടിയില്‍
text_fieldsനേമം: സ്വര്‍ണ്ണക്കവര്‍ച്ചയിലെ സൂത്രധാരനെ കരമന പോലീസ് വഞ്ചിയൂരിലെ വീട്ടില്‍നിന്നു പിടികൂടി. പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡ് ജിത്ത് ഭവനില്‍ എസ്. ശ്രീജിത്ത് (29) ആണ് പിടിയിലായത്. ജനുവരി 12ന് രാത്രി 7 മണിയോടുകൂടി നീറമണ്‍കരയിലെ ഇ.വി.എം ഷോറൂമിന് മുന്നിലായിരുന്നു സംഭവം.
കരമന ആയില്യത്ത് ഫിനാന്‍സിലെ ജീവനക്കാരന്‍ കരമന നെടുങ്കാട് തളിയല്‍ കൊല്ലവിളാകം ടി.സി 54/2762 രാജ് നിവാസില്‍ രാകേഷ് തമ്പിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും 40 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളുമാണ് ശ്രീജിത്ത് ഉള്‍പ്പെട്ട സംഘം കവര്‍ന്നത്. കേസുമായി ബന്ധപ്പെട്ട് പള്ളിച്ചല്‍ അരിക്കടമുക്ക് ചാനല്‍ക്കര വീട്ടില്‍ ഷാനവാസ് (26), കുണ്ടറത്തേരി പഴയ രാജപാദയില്‍ തുളസി വീട്ടില്‍ കൃഷ്ണന്‍ (23) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
കവര്‍ച്ച ആസൂത്രണം ചെയ്യുന്നത് ശ്രീജിത്താണ്. ഇതിനു മുന്നോടിയായി രാകേഷ് തമ്പി സഞ്ചരിക്കുന്ന വഴികള്‍ കണ്ടുവെക്കുകയും പിന്തുടരുകയും ചെയ്തിരുന്നു. പ്രതികളുടെ ഫോണുകളിലേക്ക് ശ്രീജിത്ത് അയച്ച വാട്ട്സ്ആപ്പ് സന്ദേശം സൂത്രധാരനെ പിടികൂടാന്‍ സഹായകമായി. സംഭവദിവസം രാകേഷ് തമ്പി സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നില്‍ പ്രതികള്‍ ഓടിച്ച ബൈക്ക് ഇടിച്ചുകയറ്റി തമ്പിയെ വീഴ്ത്തിയ ശേഷമാണ് കവര്‍ച്ച നടത്തിയത്.
കേരളത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളില്‍ പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ക്കഴിഞ്ഞു വരികയായിരുന്നു ശ്രീജിത്ത്. ഒടുവില്‍ വഞ്ചിയൂരിലുള്ള ഒരു വീട്ടില്‍ ഒളിവില്‍ക്കഴിയുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തികിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ അനൂപ്, എസ്.ഐമാരായ അജിത്കുമാര്‍, അജന്തകുമാര്‍, സി.പി.ഒമാരായ ഹിരണ്‍, അജികുമാര്‍, ശരത്ചന്ദ്രന്‍, സാജന്‍, ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതി റിമാന്‍ഡിലാണ്.


