മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്തയാള്‍ പിടിയില്‍
text_fieldsനേമം: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ സ്ഥാപനത്തില്‍ നിന്നു പണം തട്ടിയെടുത്തയാളെ ഫോര്‍ട്ട് പൊലീസ് പിടികൂടി. കൊഞ്ചിറവിള കല്ലടിമുഖം സ്വദേശി പഞ്ചാര ബിജു എന്നുവിളിക്കുന്ന ബിജു (48) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ആറ്റുകാല്‍ ചിറമുക്ക് ഭാഗത്തുള്ള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തെയാണ് പ്രതി കബളിപ്പിച്ചത്.
സംഭവദിവസം 10 ഗ്രാമോളം വരുന്ന സ്വര്‍ണ വള പണയംവെച്ച് ബിജു 75,000 രൂപ കൈക്കലാക്കുകയായിരുന്നു. പ്രതിക്ക് പണമിടപാട് സ്ഥാപന ഉടമയുമായി മുന്‍ പരിചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം വള പരിശോധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് നടന്നതായി വ്യക്തമാകുകയായിരുന്നു.
അതേസമയം പ്രതി പണയ സ്വര്‍ണമെടുക്കാന്‍ തിരികെയെത്തുമെന്ന ധാരണയില്‍ പൊലീസില്‍ പരാതി നല്‍കിയില്ല എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. ഫോര്‍ട്ട് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.അടിപിടി, കുത്തുകേസ് ഉള്‍പ്പെടെ അഞ്ച് കേസുകളില്‍ പ്രതിയാണ് ബിജുവെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.


