തൊണ്ടിവാഹനങ്ങള്‍ കൂമ്പാരംകൂടി നേമം പൊലീസ് സ്റ്റേഷന്
text_fieldsനേമം പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിനു സമീപം കൂടിക്കിടക്കുന്ന തൊണ്ടിവാഹനങ്ങള്‍
നേമം: തൊണ്ടിവാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ നേമം പൊലീസ് സ്റ്റേഷൻ പരിസരത്ത് പൊലീസുകാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. സ്റ്റേഷനില്‍ വിവിധ കാലങ്ങളിലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളാണ് സ്ഥലംകൊല്ലിയായി കിടക്കുന്നത്. ഇക്കൂട്ടത്തില്‍ ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍.
ഓട്ടോറിക്ഷകളും കാറുകളും തൊണ്ടിവാഹനങ്ങളായി കിടക്കുന്നുണ്ട്. സ്റ്റേഷന്റെ പ്രധാന കവാടത്തിനു സമീപത്ത് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്തും കാടുകയറിയും കിടക്കുകയാണ്. ഈ ഭാഗത്ത് മുമ്പ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നതാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തൊണ്ടി വാഹനങ്ങള്‍ അധികരിച്ചപ്പോള്‍ പൂന്തുറ മില്‍ക്ക് കോളനിക്കു സമീപം കൊണ്ടിട്ടിരുന്നു. ആര്.സി ബുക്കും മറ്റ് രേഖകളുമില്ലാത്തതിന് പിടിക്കപ്പെടുന്ന വാഹനങ്ങള്‍ അധികം താമസമില്ലാതെ വിട്ടുനല്‍കുമെങ്കിലും വലിയ കേസുകളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങളാണ് നാഥനില്ലാതെ സ്റ്റേഷന് പരിസരത്ത് കിടക്കുന്നത്.
എട്ടുമുതല്‍ 10 വരെ വര്‍ഷമായി സ്റ്റേഷന് കോമ്പൗണ്ടില്‍ കിടക്കുന്ന വാഹനങ്ങള്‍ നിരവധിയാണ്. സ്റ്റേഷന് അധികാരികള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ തൊണ്ടിവാഹനങ്ങള്‍ കുറച്ചെങ്കിലും നീക്കം ചെയ്യാൻ നടപടി ഉണ്ടാകൂ. പൊതുവെ സ്ഥലസൗകര്യത്താല് വീര്‍പ്പുമുട്ടുന്ന നേമം സ്റ്റേഷനില്‍ തൊണ്ടിവാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെങ്കില്‍ സ്റ്റേഷന് അധികാരികള്‍തന്നെ മനസ്സുവെക്കണം.
ജനമൈത്രി സ്റ്റേഷന് കോമ്പൗണ്ടില്‍ കിടക്കുന്ന തൊണ്ടിവാഹനങ്ങള്‍ പടിപടിയായി നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു.
പ്രത്യേകിച്ചും ഹൈവേ പരിധിയിലുള്ള നേമം സ്റ്റേഷനില്‍ തൊണ്ടിവാഹനങ്ങളുടെ ബാഹുല്യമുണ്ടെന്നത് ശരിയാണ്. പൊതുവെ നേമം സ്റ്റേഷന്റെ സ്ഥലദൗര്‍ലഭ്യം പരിഗണിച്ച് ഇക്കാര്യത്തില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുമെന്നും കമീഷണര്‍ വ്യക്തമാക്കി.