സരസമ്മ മത്സരിക്കുന്നു; ജീവിതസമരത്തോട് ആയുധമില്ലാതെ
text_fieldsസരസമ്മ തന്റെ ഉപജീവനമാര്‍ഗമായ വിറകുകീറൽ
ജോലിയിൽ
നേമം: ജീവിതം തുന്നിച്ചേര്‍ക്കാന്‍, മക്കള്‍ക്ക് വയറുനിറയെ വാരിയുണ്ണാന്‍ 39 വര്‍ഷം മുമ്പ് കോടാലിയെടുത്ത വീട്ടമ്മ. ഈ 94ാം വയസ്സിലും വിറകുകീറി വിറ്റ് ഉപജീവനം നടത്തുകയാണ് വിളവൂര്‍ക്കല്‍ പള്ളിത്തറ പുത്തന്‍വീട്ടില്‍ സരസമ്മ.
കോടാലി കൊണ്ട് തടിയില്‍ ആഞ്ഞുവെട്ടി ചെറുകഷണങ്ങളാക്കാനും വിറക് തൂക്കി വില്‍ക്കാനും ബാക്കിയുള്ളത് അടുക്കി െവക്കാനും കാല്മുട്ടോളം കുനിഞ്ഞുപോയ ആ ശരീരത്തിന് ഇപ്പോഴും ഒരു ആയാസവുമില്ല. 1985ല്‍ സരസമ്മയെയും നാലുമക്കളെയും ഭര്‍ത്താവ് രാമകൃഷ്ണന് ഉപേക്ഷിച്ചുപോയി. ഒന്നര സെന്റിലെ വീട്ടില്‍ സരസമ്മയും മക്കളും പട്ടിണിയുണ്ടത് ദിവസങ്ങളോളം. ആരെയും ആശ്രയിക്കാതെ കുടുംബം പോറ്റാന്‍ വഴിയെന്തെന്ന ചിന്ത സരസമ്മയെ വിറകുവില്പനക്കാരിയാക്കി.
മരംവെട്ടുകാരനായ ഭര്‍ത്താവില്‍നിന്ന് പഠിച്ച വിറകുകീറല് സരസമ്മ ജീവിതമാര്‍ഗമാക്കി. രണ്ട് ആണും രണ്ട് പെണ്ണും അടങ്ങുന്ന കുടുംബത്തെ വിറക് വിറ്റുകിട്ടിയ പണം കൊണ്ട് സരസമ്മ വളര്‍ത്തി വലുതാക്കി. മക്കള്‍ വിവാഹിതരായി മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയപ്പോഴും തന്റെ കൊച്ചുവീടും തൊഴിലും ഉപേക്ഷിക്കാന്‍ സരസമ്മ തയാറായില്ല. മരക്കച്ചവടക്കാര്‍ വാഹനത്തില്‍ തടിക്കഷണങ്ങള്‍ വീടിനുമുന്നില്‍ ഇറക്കിയിടും. അവിടെ െവച്ചുതന്നെ ഇതിനെ വെട്ടിമുറിച്ച് ചെറിയ വിറകാക്കുന്നതും അവ മഴ നനയാതെ അടുക്കി െവക്കുന്നതും വില്‍ക്കുന്നതുമെല്ലാം ഈ വയോധിക ഒറ്റക്കാണ്.
ഒരു കിലോ വിറക് ഇപ്പോള്‍ ആറ് രൂപക്കാണ് വില്‍ക്കുന്നത്. അധ്വാനിച്ച് കിട്ടുന്ന വരുമാനത്തില്‍ അഭിമാനത്തോടെ ജീവിക്കുന്ന സരസമ്മ ഒരു മാതൃകയാണ്. ജീവിതത്തില്‍ പകച്ചുപോയവര്‍ക്ക് വലിയൊരു സന്ദേശവും!