ഇത് സ്റ്റീഫന്റെ ‘സിനിമാലോകം’
text_fieldsകൊച്ചുള്ളൂരിലെ ഹോട്ടല്ചുമരുകളില് പതിച്ചിരിക്കുന്ന അന്തരിച്ച സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍
നേമം: തിരുവനന്തപുരം മെഡിക്കല്‍കോളജ് കൊച്ചുള്ളൂരില്‍ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം കുട്ടപ്പേട്ടന് എന്നുവിളിക്കുന്ന സ്റ്റീഫന്റെ (60) രേഷ്മ ഹോട്ടലിൽ കയറിയാൽ ഒരു ‘സിനിമാലോകം’ കാണാം. ഹോട്ടലിനുള്ളിലെ ചുമരുകള്‍ അന്തരിച്ച സിനിമാ നടന്മാരുടെയും നടികളുടെയും ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്.
സത്യന്, നസീര്‍, ജയന്, ബാലന് കെ. നായര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, സുകുമാരന്‍, സോമന്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ഭരത് ഗോപി, മുരളി, കൊച്ചിന് ഹനീഫ, തിലകന്, കലാഭവന്‍മണി തുടങ്ങി മലയാള സിനിമയില്‍ അരനൂറ്റാണ്ടിനുള്ളിൽ വിടപറഞ്ഞ നടന്മാരെല്ലാം ഇവിടെയുണ്ട്. മിസ് കുമാരി മുതല്‍ കല്പന വരെയുള്ള നടിമാരും ചുമരിലെ ഛായാചിത്രങ്ങളില്‍ നിറഞ്ഞുനിൽക്കുന്നു.
ഏകദേശം നൂറില്‍പ്പരം നടീനടന്മാര് ഇവിടത്തെ ചുമരുകളില്‍ അനശ്വരരാണ്! ഇവർക്കൊപ്പം സ്റ്റീഫൻറെ മനസ്സില്‍ ഏറെ ഇഷ്ടം തോന്നിയ മൺമറഞ്ഞ സംവിധായകരുടെയും ഗാന രചയിതാക്കളുടെയും ഗായകരുടേയുമൊക്കെ ചിത്രങ്ങളുമുണ്ട്.
സ്റ്റീഫന്‍ കുട്ടിക്കാലം മുതല്‍ സിനിമയെന്നാൽ ആവേശമാണ്. വീട്ടിലെ ദാരിദ്ര്യവും സിനിമ കാണാനുള്ള ഇഷ്ടവും കാരണം 14ാം വയസ്സില്‍ കൊച്ചുള്ളൂരില്‍ ബന്ധു നടത്തിയിരുന്ന ഇതേ ഹോട്ടലില്‍ ജോലിക്കാരനായെത്തി.
ശേഷം ദിവസേന സിനിമ കാണാനും നിരവധി ഷൂട്ടിങ് ലൊക്കേഷനുകളില്‍ പോയി ഇഷ്ടതാരങ്ങളെ നേരില്‍ക്കാണാനും ഇദ്ദേഹത്തിന് കഴിഞ്ഞു. കാല്‍നൂറ്റാണ്ട് മുമ്പ് ബന്ധുവില്‍നിന്ന് ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്തു. അതോടെ അന്തരിച്ച താരങ്ങളുടെ ഓര്‍മകള്‍ നശിക്കാതിരിക്കാന്‍ അവരുടെ ചിത്രങ്ങള്‍ ചുമരില്‍ പതിച്ചു.
ഏതെങ്കിലും സിനിമാ താരങ്ങള്‍ അന്തരിച്ചാലുടന്‍ അവരുടെ ചിത്രം സ്റ്റീഫന്റെ കടയുടെ ചുമരില്‍ പതിയും. ഒരു പക്ഷേ, സിനിമാസംഘടനകളുടെ ഓഫിസ് ചുമരുകളില്‍ പോലും ഇത്തരമൊരു കാഴ്ച കാണാനാവില്ല.
അതുകൊണ്ടുതന്നെ ഭക്ഷണപ്രിയര്ക്കൊപ്പം സിനിമാപ്രേമികളും ഹോട്ടലിലെ നിത്യസന്ദര്‍ശകരാണ്. ഭക്ഷണത്തിനൊപ്പം താരവിശേഷങ്ങളും വിളമ്പി അവരെ തൃപ്തരാക്കിയാണ് സ്റ്റീഫന്‍ മടക്കി അയയ്ക്കുന്നത്. പഴയ സിനിമകളുടെ ഇരുന്നൂറിലധികം സി.ഡികള്‍ ശേഖരത്തിലുണ്ട്. പത്മകുമാരിയാണ് ഭാര്യ. മകള്‍: രേഷ്മ.