ജയില്‍ ജീവനക്കാരനെ ആക്രമിച്ച മൂന്നുപേര്‍ പിടിയില്‍
text_fieldsദിനേഷ്, പ്രദീപ്, ജയന്
നേമം: ജയില്‍ ജീവനക്കാരനെ ആക്രമിച്ച മൂന്നുപേരെ പൂജപ്പുര പോലീസ് പിടികൂടി. ജഗതി ചുള്ളത്ത് വീട്ടില്‍ പന്തം ജയന് എന്നുവിളിക്കുന്ന ജയന് (42), ഇയാളുടെ സഹോദരന് പന്തം പ്രദീപ് എന്നുവിളിക്കുന്ന പ്രദീപ് (46), ജഗതി പണംപഴഞ്ഞി കുളംനികത്തിയ വീട്ടില്‍ വിഷ്ണു എന്ന ദിനേഷ് (30) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസ് എസ്.എന്‍ അനീഷ് ആണ് ആക്രമണത്തിന് ഇരയായത്.
ജയില്‍ കോമ്പൗണ്ടിലുള്ള ഗണപതിക്ഷേത്രത്തില്‍ ഗാനമേളക്കിടെ ജയന് ഉള്‍പ്പെടെ മൂന്നുപേര്‍ മദ്യപിച്ചെത്തുകയും ഡാന്‍സ് കളിക്കുകയും ചെയ്തു. ഇത് അനീഷ് വിലക്കിയതാണ് ആക്രമണത്തിന് കാരണമായത്. ജയന് തല ഉപയോഗിച്ച് അനീഷിന്റെ മൂക്കിന് ഇടിക്കുകയായിരുന്നു.
മൂക്കിന്റെ എല്ല് പൊട്ടിയ അനീഷിനെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് എസ്.പി ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.