ജിജുവിന്റെ വീട്; പുസ്തകങ്ങളുടെയും
text_fieldsജിജു പുസ്തകശേഖരത്തിനൊപ്പം
നേമം: വായനയും പുസ്തകശേഖരണവും ജീവിതമാക്കി ഒരാള്‍. വിളപ്പില്‍ശാല പുന്നശ്ശേരി ജിജുവിഹാര് അക്ഷരാർഥത്തില്‍ ഒരു പുസ്തകവീടാണ്. വിളപ്പില്‍ വില്ലേജില്‍ ഫീല്‍ഡ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന കെ.എസ് ജിജു (49) വിന്റെ ഈ കൊച്ചുവീട്ടില്‍ ആകെയുള്ള മൂന്ന് കിടപ്പുമുറികള്‍ നിറയെ പുസ്തകങ്ങളാണ്.
മുറികളിലും ചുമരുകളില്‍ സ്ഥാപിച്ചിട്ടുള്ള ഷെല്ഫുകളിലും അടുക്കിെവച്ചിരിക്കുന്നത് ആയിരക്കണക്കിന് പുസ്തകങ്ങള്‍. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് ജിജു വായനശീലമാക്കിയത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കളങ്ങളിലല്ല, വായനശാലകളിലാണ് ജിജു ബാല്യം െചലവഴിച്ചത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കിട്ടിയ സ്കോളര്‍ഷിപ് തുകക്ക് പുസ്തകങ്ങള്‍ വാങ്ങിയായിരുന്നു തുടക്കം.
ഇന്ന് വൈജ്ഞാനിക ഗ്രന്ഥങ്ങള്‍, തച്ചുശാസ്ത്രങ്ങള്‍, വേദസംഹിതകള്‍, ശാസ്ത്ര-സാങ്കേതിക രംഗത്തെ റഫറന്‍സ് ഗ്രന്ഥങ്ങള്‍, വേള്‍ഡ് ക്ലാസിക്കുകള്‍ കൂടാതെ 40 വര്‍ഷമായി ശേഖരിക്കുന്ന ഇംഗ്ലീഷ്-മലയാളംപത്രങ്ങളിലെ വിജ്ഞാനലേഖനങ്ങളും ജിജുവിന്റെ ശേഖരത്തിലുണ്ട്. വീട്ടിലെ സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് ഡിഗ്രിയില്‍ പഠനം നിര്‍ത്തി. കുട്ടിക്കാലത്തുണ്ടായ അപകടത്തില്‍ വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ട ജിജുവിന് ഭാരിച്ച ജോലി ചെയ്യാനാവില്ല. സമീപത്തെ വീടുകളില്‍ കുട്ടികളെ ട്യൂഷന് പഠിപ്പിച്ചുകിട്ടുന്ന വരുമാനത്തില്‍ ഒരല്പം ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ മാറ്റിെവച്ചു.
2013ല്‍ റവന്യൂ വകുപ്പില്‍ ജോലി ലഭിച്ചു. ഇപ്പോഴും ശമ്പളത്തില്‍ ഭൂരിഭാഗവും നീക്കിെവക്കുന്നത് പുസ്തകങ്ങള്‍ വാങ്ങാന്‍ തന്നെ. സര്‍ക്കാര്‍ ജീവനക്കാരനാണെങ്കിലും നല്ലൊരു വീടോ ബാങ്ക് ബാലന്‍സോ ജിജുവിനില്ല. അതിനെക്കുറിച്ച് ചോദിച്ചാല്‍ ജിജുവിന്റെ മറുപടി ഇങ്ങനെ..... 'ഈ പുസ്തകങ്ങളാണ് എന്റെ സമ്പാദ്യം. തലമുറകള്‍ക്ക് വായിച്ചു വളരാന്‍ അപൂര്‍വ ഗ്രന്ഥങ്ങളുള്ള വലിയൊരു പുസ്തകവീടാണ് എന്റെ ലക്ഷ്യം...'