വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പീഡനം; യുവാവ് അറസ്റ്റില്‍
text_fieldsഅഭിലാഷ്
നേമം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് വിധവയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കുറവന്‍കുഴി പുല്ലാട് ചന്ദ്രമംഗലത്തില് അഭിലാഷിനെയാണ് (40) വിളപ്പില്‍ശാല പൊലീസ് അറസ്റ്റുചെയ്തത്. വിളപ്പില്‍ശാല സ്റ്റേഷന് പരിധിയില്‍ താമസിച്ചുവന്ന കോട്ടയം സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്. താന്‍ വിജിലന്‍സ് ഉദ്യോഗസ്ഥനാണെന്നും വിവാഹബന്ധം വേര്‍പെടുത്തിയ ആളാണെന്നും അഭിലാഷ് യുവതിയെ നിരന്തരം പറഞ്ഞുവിശ്വസിപ്പിക്കുകയായിരുന്നു.
യുവതിയെയും മക്കളെയും സംരക്ഷിച്ചുകൊള്ളാം എന്നു വാക്കുനല്‍കിയ അഭിലാഷ് യുവതി വാടകയ്ക്കെടുത്ത വീട്ടില്‍ താമസമാക്കി. പിന്നീട് ഉപദ്രവമായി. എറണാകുളത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചുവെന്ന് പറഞ്ഞ് ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. തിരുവല്ല പുല്ലാട് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിയെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
സി.ഐ വി. നിജാമിന്റെ നേതൃത്വത്തില്‍ ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍, സി.പി.ഒമാരായ ജിജിന്, വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.