നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ അപകടം പതിയിരിക്കുന്ന കെട്ടിടങ്ങൾ; രോഗികളും കൂട്ടിരിപ്പുകാരും വിശ്രമിക്കുന്നത് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ വരാന്തയിൽ
text_fieldsനെയ്യാറ്റിൻകര ജനറൽ ആശുപത്രി കെട്ടിടത്തിന്റെ ചുമര് വീണ്ടുകീറിയ നിലയിൽ
നെയ്യാറ്റിൻകര: അപകടം പതിയിരിക്കുന്ന തരത്തിലാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ചില കെട്ടിടങ്ങളെന്ന ആക്ഷേപവുമായി രോഗികളുടെ കൂട്ടിരിപ്പുകാർ രംഗത്ത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ വിണ്ടുകീറിയ നിലയിലാണ്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയായി പൊളിഞ്ഞുവീഴാറായ നിലയിലാണ് കെട്ടിടങ്ങൾ. ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ നിരവധി കെട്ടിടങ്ങളാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സ്ഥിതി ചെയ്യുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധിപേരാണ് ദിവസവും ഈ കെട്ടിടങ്ങളുടെ വരാന്തയിൽ വിശ്രമിക്കുന്നത്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ഉടൻ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിച്ച് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശകതമാകുന്നു.
അപകടത്തിന് മുമ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. അപകടവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി ബി.ജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരന്റെ ആശ്രയമായ ജനറൽ ആശുപത്രിയിൽ 90 ഓളം ഡോക്ടർമാർ വേണ്ട സ്ഥാനത്ത് വെറും 44 ഡോക്ടർമാരാണുള്ളത്. ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. അപകടാവസ്ഥയിലുള്ള വൻ വൃക്ഷങ്ങളും ഭീഷണി ഉയർത്തുന്നു.