പെട്രോൾ പമ്പുകളിൽ കവർച്ച; സംഘത്തിലെ രണ്ടുപേർ പിടിയിൽ
text_fieldsപ്രതികൾ
നെയ്യാറ്റിൻകര: ബൈക്കിൽ കറങ്ങിനടന്ന് പെട്രോൾ പമ്പുകളിൽ നിന്ന് പണം കവരുന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി. ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ചെങ്കൽ മരിയാപുരം പുളിയറ വിജയ ബംഗ്ലാവിൽ ബിജിത്ത് (23 -ബിച്ചു), കഴക്കൂട്ടം കടകംപള്ളി കരിക്കകം ഇലങ്കം റോഡിൽ ആര്യ നിവാസിൽ അനന്തൻ (18) എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്.
23നും 24നും ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 23ന് പുലർച്ചെ മൂന്നിന് പൊഴിയൂർ ഉച്ചക്കട ഗോപൂസ് ഫ്യൂവൽ പെട്രോൾ പമ്പിൽ എത്തിയ പ്രതികൾ 500 രൂപക്ക് ചില്ലറ ആവശ്യപ്പെട്ടു. ജീവനക്കാരൻ ചില്ലറ എടുക്കുന്ന സമയത്ത് മേശയിൽ നിന്ന് 8500 രൂപ അപഹരിച്ച് കടന്നുകളഞ്ഞു. 24ന് പുലർച്ചെ ഒന്നോടെ നെയ്യാറ്റിൻകര മോർഗൻ പമ്പിൽ എത്തിയ സംഘം പമ്പ് ജീവനക്കാരന്റെ കൈയിലെ 20,000 രൂപ അടങ്ങുന്ന ക്യാഷ്ബാഗ് തട്ടിപ്പറിച്ചു. അന്നേദിവസം വിഴിഞ്ഞം മുക്കോലയിലെ ഐ.ഒ.സി പമ്പിൽ നിന്ന് 7500 രൂപ ജീവനക്കാരന്റെ ബാഗിൽ നിന്ന് കവർന്നു.
സി.സി ടി.വി കേന്ദ്രീകരിച്ചും കോള് ഹിസ്റ്ററികൾ പരിശോധിച്ചും നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. 2004ൽ നെയ്യാറ്റിൻകര ആശുപത്രി കാന്റീന് സമീപത്തു നിന്ന് ബൈക്ക് കവർന്ന കേസിലെ പ്രതികളാണ് ഇവർ. സംഘത്തിലെ മറ്റൊരു പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. ഷാജി പറഞ്ഞു.