ജഴ്സിയില്ല, സ്കൂൾ കായികമേളയിൽ നാണംകെട്ട് തലസ്ഥാനം
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തിന് ഇത്തവണയും ജഴ്സിയില്ല. മറ്റ് 13 ജില്ലകളിലെയും കായികതാരങ്ങൾ ജഴ്സിയുമായി മത്സരത്തിനിറങ്ങുമ്പോഴാണ് തലസ്ഥാനത്തിന്റെ അഭിമാന താരങ്ങളോട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡറക്ടറുടെ ഓഫീസിന്റെ വിവേചനം. ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സ്പോര്‍ട്സിന് മാത്രമായി ഒരു സെക്ഷന്‍ പ്രവർത്തിക്കുന്നുണ്ട്.
ജില്ല പഞ്ചായത്ത്, കോര്പറേഷന് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിന് മുമ്പ് സംസ്ഥാന കായികമേളക്ക് പോകുന്നതിനുള്ള ചെലവ് ബജറ്റില്‍ വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ഡി ഓഫീസിലെ വിഭാഗം കത്ത് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് വകയിരുത്തും. കായികമേള വരുമ്പോൾ ആ തുക ചെലവഴിച്ചാണ് താരങ്ങള്‍ക്ക് ജഴ്സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ടുവർഷമായി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇതിനായി കത്ത് നല്‍കിയില്ല. ഇതോടെ ബജറ്റില്‍ തദ്ദേശസ്ഥാപനങ്ങള്‍ തുക വകയിരുത്തിയതുമില്ല. ഇത്തവണ ജില്ല കായികമേള കഴിഞ്ഞപ്പോള്‍ പേരിന് മാത്രം 300 ജഴ്സി തയാറാക്കി. അത് ഉദ്ഘാടന ദിനത്തില്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തവര്‍ക്കും ഇന്‍ക്ലൂസീവ് വിഭാഗത്തിനും മാത്രം നല്കി. ശേഷിക്കുന്നവര്‍ സ്വന്തം ജഴ്സിയണിഞ്ഞാണ് മത്സരത്തിന് ഇറങ്ങിയത്.
ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന 67ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽ, അത് ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിലായി ജില്ലയെ പ്രതിനിധീകരിച്ച് 1700ഓളം കായികതാരങ്ങളാണ് ഇത്തവണ മത്സരിക്കാനിറങ്ങിയത്. മേളക്ക് കൊടിയിറങ്ങാൻ 48 മണിക്കൂർ ബാക്കിനിൽക്കെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ സ്വർണക്കപ്പ് തിരുവനന്തപുരം ഉറപ്പിച്ച് കഴിഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുന്നത്. പക്ഷേ താരങ്ങളോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന അവഹേളനത്തിൽ കായികാധ്യാപകരും രക്ഷിതാക്കളും കുട്ടികളും നിരാശയിലാണ്.


