ഓണം വാരാഘോഷം; കനകക്കുന്നിലെത്തിയത് 20 ലക്ഷം; ഒരുക്കിയത് പഴുതടച്ച സുരക്ഷ
text_fieldsഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയുടെ മുൻനിരയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ വി.. ജോയ്, വി.കെ. പ്രശാന്ത്, ഡി.കെ. മുരളി എന്നിവർ
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഇത്തവണ പൊലീസ് ഒരുക്കിയത് പഴുതടച്ച സുരക്ഷ. വാരാഘോഷം തുടങ്ങിയതുമുതൽ 20 ലക്ഷത്തിലേറെ ജനങ്ങൾ കനകക്കുന്നില്‍ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ നോക്കുന്നതിനും പൊലീസിനായി. ഗതാഗതവും പാര്‍ക്കിംഗും സുഗമമായിരുന്നു.
ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേര്‍ന്ന കനകക്കുന്ന് കൊട്ടാര വളപ്പില്‍ പ്രത്യേക സുരക്ഷാ സംവിധാനമാണ് ക്രമീകരിച്ചത്. സിറ്റി പൊലീസ് കമീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങൾ. ഡോഗ് സ്ക്വാഡ് അടക്കം മുഴുവന്‍ ദിവസങ്ങളിലും സുരക്ഷ ഉറപ്പാക്കിയിരുന്നു. മ്യൂസിയം സി.ഐയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പൊലീസ് കണ്ട്രോള് റൂമും പ്രവർത്തിച്ചു.
ആദ്യദിനം മുതല്‍ നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി 1500ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. കനകക്കുന്നില്‍ മാത്രം 500 പൊലീസുകാരെ മഫ്തിയിലും അല്ലാതെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ പൊലീസുകാരെയടക്കം മഫ്തിയിലാണ് നിയോഗിച്ചത്.