മലയോര മേഖലയില്‍ മഴ ശക്തം; വ്യാപക നാശനഷ്ടം ഇളവട്ടം മുതൽ കുറുപുഴ വരെ തിരുവനന്തപുരം-തെങ്കാശി റോഡ് വെള്ളത്തിൽ മുങ്ങി
text_fieldsപാലോട്: ശക്തമായ മഴയിൽ ഇളവട്ടം മുതൽ കുറുപുഴ വരെ തിരുവനന്തപുരം-തെങ്കാശി റോഡ് വെള്ളത്തിൽ മുങ്ങി. സമീപത്തുകൂടി ഒഴുകുന്ന തോടും റോഡും തിരിച്ചറിയാനാകാത്ത വിധം വെള്ളം കയറിയതിനാൽ വാഹനങ്ങൾ വെമ്പ് റോഡുവഴിയാണ് തിരിച്ചുവിട്ടത്. കോടികൾ മുടക്കി നിർമാണം നടത്തിയ തെങ്കാശി പാതയിൽ ചെറിയമഴ പെയ്താൽ പോലും കുറുപുഴ മുതൽ കരിമൺകോട് വരെ ശക്തമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നന്ദിയോട്, പ്ലാവറ, കുശവൂർ, ആറ്റുകടവ് ജങ്ഷനുകൾ മഴ തുടങ്ങിയാൽ വെള്ളക്കെട്ടിലാണ്. അധികാരികളുടെ മൗനാനുവാദത്തോടെ സ്വകാര്യ വ്യക്തികൾ ഓടകൾ കെട്ടിയടച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതാണ് ഈ ദുരവസ്ഥക്ക് പ്രധാന കാരണം. തിരുവനന്തപുരം-തെങ്കാശി റോഡിൽ നെടുമങ്ങാട് ഉൾപ്പെടെ ഇത്തരത്തിൽ പൊതുമരാമത്ത് ഓടകൾ കൈയേറി നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
കോടികൾ ചിലവഴിച്ച് റോഡുകൾ വികസിപ്പിച്ചുവെങ്കിലും അശാസ്ത്രീയമായ ഓട നിർമാണവും കൈയേറ്റവുമാണ് മഴസമയത്തു ഉണ്ടാകുന്ന വെള്ളക്കെട്ടിന് പ്രധാന കാരണം. അടിയന്തിര നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളറട: വെള്ളറട-അമ്പൂരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ വ്യാപക നാശനഷ്ടം.
പ്രദേശത്ത് വ്യാപകമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. അമ്പൂരി ഗ്രാമപഞ്ചായത്തിലെ തുടിയാംങ്കോണം വാര്‍ഡില്‍ ചപ്പാത്തിന്‍കര ശീമോന്റെ വീട്ടില്‍ വെള്ളംകയറി തകര്‍ച്ചയുടെ വക്കിലായി. പഞ്ചായത്ത് നല്കിയ വീടാണ്. ചോര്‍ന്നൊലിക്കുന്ന ദ്രവിച്ച വീടിനുള്ളില്‍ വെള്ളം കയറിയതോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞദിവസം ശീമോന് സമീപത്തെ വെയിറ്റിങ് ഷെഡ്ഡിലാണ് കിടന്നുറങ്ങി നേരം വെളുപ്പിച്ചത്. പ്രദേശത്ത് കൃഷിഭൂമികള്‍ മിക്കതും വെള്ളത്തില്‍ മുങ്ങി. വെള്ളറട പഞ്ചായത്തിലും താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തില്‍ മുങ്ങി. കളത്തറ പാടശേഖരം വെള്ളത്തില്‍ മുങ്ങി. സമീപത്തെ മരിച്ചീനി, വാഴ കൃഷികള്‍ മിക്കതും വെള്ളത്തില്‍ മുങ്ങി. വ്യാപകമായ കൃഷിനാശമാണ് പ്രദേശത്ത് സംഭവിച്ചിരിക്കുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പ്രദേശത്ത് റബര്‍ ടാപ്പിങ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

പ്രദേശമാകെ കടുത്ത വറുതിയിലുമാണ്. മഴ ഇതേ രീതിയിൽ തുടര്‍ന്നാല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. അമ്പൂരി ആദിവാസി മേഖലയിലും കടുത്ത വറുതിയാണ്.തൊഴിലുകളൊന്നും നടക്കുന്നില്ല. കാട്ടുവര്ഗങ്ങള് ശേഖരിച്ചു ഭക്ഷിക്കുന്ന ഇവര്‍ക്ക് കാട്ടുവിളകളള് ഒന്നും ശേഖരിക്കാന്‍ കഴിയുന്നില്ല.


