കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ ദുരിതത്തിലായി പാലോട് നിവാസികൾ; വെട്ടിക്കുറച്ചത് ഏറ്റവും കൂടുതൽ വരുമാനമുള്ള സർവീസുകൾ
text_fieldsപാലോട്: കെ.എസ്.ആര്.ടി.സി പാലോട് ഡിപ്പോയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായിരുന്ന സർവിസുകള്‍ സ്വകാര്യ ബസുകള്‍ക്കുവേണ്ടി വെട്ടിക്കുറച്ചെന്ന് ആക്ഷേപം. രാവിലെയും ഉച്ചക്കുശേഷവും ഓഫിസ് സമയത്തെ പതിനായിരങ്ങള്‍ വരുമാനമുള്ള സർവീസുകള്‍ വെട്ടിക്കുറച്ചതോടെ സ്വകാര്യ ബസുകള്‍ക്ക് ചാകരയായി. ഡിപ്പോയില്‍നിന്ന് തെന്നൂര്‍ വഴിയുള്ള 12 സർവിസുകളാണ് കാരണമില്ലാതെ വെട്ടിക്കുറച്ചത്. പകരം ഓടുന്നത് 13 സ്വകാര്യ ബസുകൾ.
ഡിപ്പോ നിയന്ത്രിക്കുന്ന ചില ഉദ്യോഗസ്ഥരുടെ സ്ഥാപിത താൽപര്യമാണ് സർവിസുകള്‍ വെട്ടിക്കുറക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. പാലോട്ടുനിന്ന് ആദിവാസി ഊരുകളായ ഇലഞ്ചിയം, ഞാറനീലി, ചെന്നല്ലിമൂട് പ്രദേശങ്ങള്‍ക്കും തോട്ടം മേഖലയായ മലമാരി, മാമൂട്, ദൈവപ്പുര പ്രദേശങ്ങളിലേക്കും മണ്ണാന്തല, ആറുകണ്ണന്‍കുഴി, അരയക്കുന്ന്, നെട്ടയം, കല്ലങ്കുഴി, സൂര്യകാന്തി ഭാഗങ്ങളിലേക്കുമുള്ള യാത്രക്കാര്‍ വലയുകയാണ്.
രാവിലെ എട്ടിനുള്ള തിരുവനന്തപുരം ഫാസ്റ്റ് പാലോട് ഡിപ്പോക്ക് കൂടുതല്‍ വരുമാനം നല്കുന്ന സര്‍വിസായിരുന്നു. ഈ ബസിന്റെ സമയം 8.30 ആക്കി. ഇതേസമയത്ത് പെരിങ്ങമ്മലയില്‍നിന്ന് ആരംഭിക്കുന്ന തിരുവനന്തപുരം ഫാസ്റ്റ് നിർത്തലാക്കി രണ്ട് സർവിസും ഒന്നാക്കി. ഫലത്തില്‍ രാവിലെ 10ന് തലസ്ഥാനത്ത് ജോലിക്കെത്തേണ്ട നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ ത്രിശങ്കുവിലാക്കുന്നതായി ഈ തീരുമാനം.
ഇടിഞ്ഞാര്‍, അഗ്രിഫാം റൂട്ടുകളിലേക്കുള്ള സർവിസുകളും വെട്ടിക്കുറച്ചു. നെടുമങ്ങാട്-തെന്നൂര്‍ ചെയിന്‍ സര്‍വിസ് നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കോവിഡിന് മുമ്പ് തെന്നൂര്‍-നെടുമങ്ങാട് റൂട്ടില്‍ ചെയിന്‍ സര്‍വിസ് ഉണ്ടായിരുന്നു. രണ്ട് കോളജുകള്‍, പത്ത് വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് സർവിസുകള്‍ വെട്ടിക്കുറച്ചത്. കൺസെഷന് ഉപയോഗിക്കുന്ന വിദ്യാർഥികളും ഇതുമൂലം പ്രയാസത്തിലാണ്. സർവിസുകള്‍ പുനരാരംഭിക്കാത്ത സാഹചര്യത്തിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.