പാലോട് 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
text_fieldsവെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന പാലോട് 110 കെ.വി സബ് സ്റ്റേഷൻ
പാലോട്: കെ.എസ്.ഇ.ബി പാലോട് 110 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം വെള്ളിയാഴ്ച. ഇതോടെ പാലോട്ടെയും സമീപത്തെ 10 പഞ്ചായത്തുകളിലെയും അപ്രതീക്ഷിത വൈദ്യുതിതടസ്സത്തിനും വോൾട്ടേജ് ക്ഷാമത്തിനും ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരമാകും. പാലോട് പാണ്ഡ്യൻപാറയിലുള്ള 66 കെ.വി. സബ്സ്റ്റേഷനാണ് 110 കെ.വി. ആയി ഉയർത്തുന്നത്. മന്ത്രി കെ. കൃഷ്ണൻകുട്ടി വെള്ളിയാഴ്ച വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും.
110 കെ.വി ശേഷിയുള്ള പുതിയ രണ്ട് ഫീഡറുകളാണ് നിർമിച്ചിട്ടുള്ളത്. 12.5 എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു. പദ്ധതി നടപ്പാക്കുന്നതുവഴി നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലറ, തൊളിക്കോട്, വിതുര, പനവൂർ, ആനാട്, ചിതറ, കടയ്ക്കൽ പഞ്ചായത്തുകളിലെ ഏകദേശം 42,000ത്തോളം ഉപഭോക്താക്കൾക്ക് വൈദ്യുതിതടസ്സം പരമാവധി ഒഴിവാക്കി മെച്ചപ്പെട്ട വേൾട്ടേജിലുള്ള വൈദ്യുതി ലഭ്യമാക്കും.
1980ലാണ് പാലോട് 66 കെ.വി. സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. നിലവിൽ ആറ്റിങ്ങൽ സബ്സ്റ്റേഷനിൽനിന്ന് 19.4 കിലോമീറ്റർ സിംഗിൾ സർക്യൂട്ട് ലൈനിലൂടെയാണ് വൈദ്യുതി പാലോട് സബ്സ്റ്റേഷനിലെത്തിച്ച് വിതരണം നടത്തുന്നത്. മീൻമുട്ടിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയും പ്രയോജനപ്പെടുത്തുന്നുണ്ട്. വനമേഖലകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളാണ് പാലോട്ടെ വൈദ്യുതിവിതരണത്തിന് പലപ്പോഴും തടസ്സം. എന്നാൽ, പുതിയ സംവിധാനങ്ങൾ ഇതിന് പരിഹാരമാകും. ഉദ്ഘാടനസമ്മേളനത്തിൽ ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും.