വനത്തിൽ മാലിന്യം തള്ളാനെത്തിയ പന്നിഫാം ഉടമ പിടിയിൽ
text_fieldsപ്രതി മധു ജോൺസൻ
പാലോട്: വനത്തിൽ മാലിന്യം തള്ളാനെത്തിയ പന്നി ഫാം ഉടമയെ വനം വകുപ്പ് അധികൃതർ പിടികൂടി. പാലോട് വനം റേഞ്ചിനകത്തു ചെമ്പൻകോട്ട് പന്നി ഫാം നടത്തുന്ന മധു ജോൺസനെ (47) ആണ് ബുധനാഴ്ച രാവിലെ ചെമ്പൻകോട് വനത്തിൽ നിന്ന് പിടികൂടിയത്. മാലിന്യം കൊണ്ടുവന്ന കാറും പിടിച്ചെടുത്തു. ഏഴു വർഷമായി ഇവിടെ പന്നി ഫാം നടത്തുന്ന മധുവിന്റെ ലൈസൻസ് കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു.
തുടർന്നും ഫാം നടത്തുന്ന ഇയാൾ കോർപറേഷനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കൊണ്ടുവന്ന് വനത്തിലും ഫാമിനകത്തും നിക്ഷേപിക്കുകയായിരുന്നു. ഫാമിനകത്തു വലിയ കുഴികളെടുത്തു നിക്ഷേപിക്കുന്ന മലിന്യങ്ങളിൽ നിന്ന് മലിനജലം വാമനപുരം നദിയിൽ ഒഴുകിയെത്തിയിരുന്നു. ഈ കാരണങ്ങളാലാണ് പാങ്ങോട് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകാതിരുന്നത്. വനത്തിനകത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന് കാണിച്ചു പാലോട് റേഞ്ച് ഓഫിസറും നോട്ടീസ് നൽകിയിരുന്നു.
ഫാമിനെതിരെ രാഷ്ട്രീയ പാർട്ടികളും, നാട്ടുകാരും ചേർന്ന് ജനകീയ സമിതി രൂപീകരിച്ച് സമരം നടത്തി വരികയാണ്. ഡി.കെ. മുരളി എം.എൽ.എ അടക്കമുള്ളവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. ഇയാൾ ക്കെതിരെ കേസെടുത്ത് പിടിച്ചെടുത്ത വാഹനം ഉൾപ്പെടെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി. പാലോട് റേഞ്ച് ഓഫിസർ വി. വിപിൻ ചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ചർ സന്തോഷ്, ബി.എഫ്.ഒ ഡോൺ എന്നിവർ ചേർന്നാണ് പിടികൂടിയത്.